റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകം; രണ്ടു ജീവനക്കാര്‍ക്ക് സസ്‌പെന്ഷന്‍

കേരള ഹൈക്കോടതിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തിന്റെ പേരില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്‌പെന്ഷന്‍. കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്നതും, രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് നാടകത്തിന്റെ ഉള്ളടക്കമെന്നാരോപിച്ച് എറണാകുളത്തെ ലീഗല്‍ സെല്‍ നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍. അസിസ്റ്റന്റ് രജിസ്ട്രാര്‍ സുധീഷ് ടിഎ, കോര്‍ട്ട് കീപ്പര്‍ സുധീഷ് പിഎം എന്നിവരെയാണ് കോടതി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. നാടകം രാജ്യവിരുദ്ധമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ അന്വേഷണമാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് ജസ്റ്റിസ് അഡ്മിനിസ്ട്രേറ്റീവ് രെജിസ്ട്രാറോട് വിശദീകരണം തേടുകയും ചെയ്തു.

ഹൈക്കോടതിയിലെ ജീവനക്കാര്‍ ഇത്തരത്തില്‍ രാജ്യവിരുദ്ധമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു നാടകത്തിന്റെ ഭാഗമായത് നിലവിലുള്ള സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയിന്മേല്‍ തുടരന്വേഷണവും അതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.ആസാദി കാ അമൃത് മഹോത്സവിനെ അവഹേളിച്ചെന്നാണ് മറ്റൊരു പരാതി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹൈക്കോടതിയും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെന്നും, അതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷങ്ങളെ അപമാനിക്കുന്നത് കോടതിയെ കൂടി അപമാനിക്കുന്നതിനു തുല്യമാണെന്നാണ് പരാതിയില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളെയും ശൈലിയെയും പരിഹസിക്കുന്നത് രാജ്യവിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.

നാടകം രചിച്ച വ്യക്തിയുടെ രാഷ്ട്രീയച്ചായ്വ് മുഴച്ചു നില്‍ക്കുന്ന സംഭാഷണങ്ങള്‍ പൂര്‍ണ്ണമായും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്നാണ് ലീഗല്‍ സെല്ലിന്റെ ആരോപണം. കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് നേരിട്ട് ഗുണം ലഭിച്ച ജല്‍ജീവന്‍ മിഷനെ അവഹേളിച്ചെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ പങ്കെടുത്ത നാടകത്തില്‍ പ്രധാനമന്ത്രിയെയും, സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ജല്‍ജീവന്‍ മിഷനേയും, ആസാദി കാ അമൃത് മഹോത്സവിനെയും പരിഹസിക്കുന്നുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.

Top