ബെംഗളൂരു: ബാങ്ക് വിളിക്കിടെ ഉച്ചത്തില്‍ ഭക്തി ഗാനമിട്ടെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ കടയുടമക്ക് മര്‍ദ്ദനം. അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്.
അള്‍സൂര്‍ഗേറ്റിലെ നാഗര്‍ട്‌പേട്ടിലാണ് സംഭവം. ബാങ്ക് സമയത്ത് കടയില്‍ ഹനുമാന്‍ ഗാനങ്ങള്‍ വെച്ചതിനാണ് ഒരു സംഘം യുവാക്കള്‍ തന്നെ മര്‍ദിച്ചതെന്ന് കടയുടമ മുകേഷ്. ”കടയില്‍ ഹനുമാന്‍ ഭക്തി ഗാനങ്ങള്‍ വെച്ചിട്ടുണ്ടായിരുന്നു. അഞ്ച് പേര്‍ അടങ്ങുന്ന സംഘം കടയിലേക്ക് വന്ന് ബാങ്ക് സമയമാണെന്നും പാട്ട് നിര്‍ത്തിയില്ലെങ്കില്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തി”- കടയുടമ പറഞ്ഞതായി നാഷനല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.
”തൊട്ടുപിന്നാലെ ചിലര്‍ മര്‍ദിക്കാന്‍ തുടങ്ങി, ഓഫ് ആക്കിയില്ലെങ്കില്‍ കത്തികൊണ്ട് കുത്തുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി” – മുകേഷ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു സംഘം ആളുകള്‍ കടയിലേക്ക് വരുന്നതും എന്തോ പറയുന്നതും വിഡിയോയില്‍ കാണാം. ഇവരില്‍ ഒരാള്‍ കടയുടമയുടെ കോളറില്‍ പിടിക്കുന്നുണ്ട്. കടയുടമ കൈ തട്ടിമാറ്റിയ ഉടന്‍ മറ്റൊരാള്‍ ഇയാളുടെ മുഖത്തടിക്കുന്നതും വീഡിയോയില്‍ കാണാം.