ആഡംബര കാറുകളുമായി പുറപ്പെട്ട കപ്പല്‍ യാത്രക്കിടെ തീപിടിച്ചു; നഷ്ടം കോടികളുടേത്

ആംസ്റ്റര്‍ഡാം: ആഡംബര കാറുകളുമായി പുറപ്പെട്ട കപ്പല്‍ യാത്രക്കിടെ തീപിടിച്ച് നശിക്കുന്നു. നെതര്‍ലന്‍ഡ്‌സ് തീരത്താണ് ബുധനാഴ്ച മുതല്‍ 3800 കാറുകളുമായി പുറപ്പെട്ട കപ്പലിന് തീപിടിച്ചത്. കപ്പലില്‍ ആഡംബര കാറുകളായ ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെന്‍സ് കാറുകളുള്‍പ്പെടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കപ്പലിലെ ജീവനക്കാരിലൊരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കപ്പല്‍ കത്തിക്കൊണ്ടിരിക്കുകയാണെനന്നും ഉടന്‍ തീയണയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡച്ച് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. ജീവനക്കാരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കപ്പലിന് തീപിടിച്ചതിനെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണുണ്ടാകുകയെന്ന് അധികൃതര്‍ പറഞ്ഞു.

കപ്പലിലെ തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണെന്നും തീരസംരക്ഷണ വക്താവ് പറഞ്ഞു. തീ പൂര്‍ണമായി അണയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം സാധ്യമല്ലെന്ന് ഡച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് വാട്ടര്‍ മാനേജ്മെന്റ് മന്ത്രാലയം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പനാമയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ജര്‍മ്മന്‍ തുറമുഖമായ ബ്രെമര്‍ഹാവനില്‍ നിര്‍ത്തിയ ശേഷം ഈജിപ്തിലെ പോര്‍ട്ട് സെയ്ഡിലേക്ക് യാത്ര ചെയ്യവെയാണ് തീപിടിത്തമുണ്ടായതെന്ന് കപ്പല്‍ ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ജാപ്പനീസ് കമ്പനിയായ ഷൂയി കിസെന്‍ കൈഷ ലിമിറ്റഡാണ് കപ്പലിന്റെ ഉടമസ്ഥര്‍. കപ്പലിന്റെ അന്തിമ ലക്ഷ്യസ്ഥാനം സിംഗപ്പൂരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡച്ച് കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച വിവരമനുസരിച്ച് 3,783 വാഹനങ്ങളും മറ്റു യന്ത്രഭാഗങ്ങളും 25 ഇലക്ട്രിക് വാഹനങ്ങളുമാണ് കപ്പലിലുണ്ടായിരുന്നത്. ഇക്കാര്യം കപ്പലിന്റെ ചാര്‍ട്ടറും ഓപ്പറേറ്ററുമായ കവാസാക്കി കിസെന്‍ കൈഷ ലിമിറ്റഡും സ്ഥിരീകരിച്ചു. നൂറുകണക്കിന് ബിഎംഡബ്ല്യു, മിനി കാറുകളും ഏകദേശം 300 മെഴ്സിഡസ് ബെന്‍സ് വാഹനങ്ങളും കപ്പലിലുണ്ടെന്ന് കമ്പനികളുടെ പ്രതിനിധികള്‍ സ്ഥിരീകരിച്ചു.

ഫോര്‍ഡ് മോട്ടോര്‍ കമ്പനി, സ്റ്റെല്ലാന്റിസ് എന്‍വി, റെനോ എസ്എ, നിസാന്‍ മോട്ടോര്‍ എന്നീ കമ്പനികളുടെ കാറുകള്‍ കപ്പലില്ലെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച വാഡന്‍ സീ പ്രദേശത്തിന് സമീപമാണ് ചരക്ക് കപ്പല്‍ സഞ്ചരിച്ചിരുന്നത്. എണ്ണ ചോര്‍ച്ച ഉണ്ടായാല്‍ അപകട സാധ്യത വളരെ അധികമാണെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുഎസിലേക്ക് 4,000 ഫോക്സ്വാഗണ്‍ വാഹനങ്ങളുമായി പോവുകയായിരുന്ന രക്ക് കപ്പലിന് അറ്റ്ലാന്റിക്കില്‍ തീപിടിച്ചിരുന്നു.

Top