ഫ്രാന്‍സിന് തിരിച്ചടി; കരീം ബെന്‍സേമയ്ക്ക് പരിക്ക്, ലോകകപ്പ് നഷ്ടമാവും

ദോഹ: ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സേമയ്ക്ക് ലോകകപ്പ് നഷ്ടമാവും. പരിശീലനത്തിനിടെയേറ്റ പരിക്കാണ് ബെന്‍സേമയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ഖത്തര്‍ ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ബെന്‍സേമയുടെ പരിക്ക്. ഫ്രാന്‍സിന്റെ മുന്‍നിര താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ പരിക്കേറ്റ് ടീമില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ബെന്‍സേമയ്ക്ക് മൂന്നാഴ്ച്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

താരത്തിന്റെ ഇടത് കാല്‍തുടയ്ക്കാണ് പരിക്കെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയ്ക്ക് ശേഷം വെറ്ററന്‍ താരത്തിന് കളിക്കാന്‍ കഴിയില്ലെന്ന് അസോസിയേഷന്‍ പുറത്തുവിടുകയായിരുന്നു. നിലവിലെ ബലന്‍ ഡി ഓര്‍ ജേതാവ് കൂടിയായ ബെന്‍സേമയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണെന്ന് ഫ്രഞ്ച് ടീം മാനേജര്‍ ദിദിയര്‍ ദെഷാം വ്യക്തമാക്കി. എന്നാല്‍ ടീമില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  1978 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് നിലവിലെ ബാലന്‍ ഡിയോര്‍ ജേതാവ് ലോകകപ്പ് കളിക്കാതിരിക്കുന്നത്.

ലോകകപ്പില്‍ കളിക്കാനാവില്ലെന്ന വാര്‍ത്ത ബെന്‍സേമ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ”ജീവതത്തില്‍ ഞാനൊരിക്കലും തളര്‍ന്നിട്ടില്ല. എന്നാല്‍ ഇന്നെനിക്ക് ടീമിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ എന്റെ ടീമിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ടീമിന് ലോക കിരീടം നേടാന്‍ സഹായിക്കുന്ന മറ്റൊരു താരത്തിന് ഞാന്‍ എന്റെ സ്ഥാനം മാറികൊടുക്കേണ്ടി വന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹാന്വഷണങ്ങളോട് കടപ്പെട്ടിരിക്കുന്നു.” ബെന്‍സേമ കുറിച്ചിട്ടു.

ദേശീയ ടീമിനായി 97 മത്സരങ്ങളില്‍ നിന്നും 37 ഗോളുകള്‍ ബെന്‍സേമ നേടിയിട്ടുണ്ട്. നേരത്തെ, പരിക്കുണ്ടായിരുന്ന താരമായിരുന്ന ബെന്‍സേമ. എന്നാല്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുളള ഉറപ്പില്‍ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അതിനിടെയാണ് പരിശീലനത്തിനിടെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.

Top