പ്രളയം; ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം നല്‍കേണ്ട

Floods in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ല. വീടുകളില്‍ നിന്ന് വെള്ളമിറങ്ങി പത്ത് ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരം രൂപ പോലും പലയിടങ്ങളിലും കിട്ടിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

30 ശതമാനം ആളുകള്‍ക്കെങ്കിലും ഇന്നുതന്നെ പണമെത്തിക്കാനാണ് ശ്രമം. എന്നാല്‍ പലയിടത്തും വിവരശേഖരണം പോലും പൂര്‍ത്തിയായിട്ടില്ല എന്നതാണ് വാസ്തവം. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.

എന്നാല്‍ അടുത്തയാഴ്ചയോടെ എല്ലാവര്‍ക്കും പണം കിട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക് ഉറപ്പുനല്‍കി. സര്‍ക്കാര്‍ പണം അനുവദിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10,000 രൂപയാണ് സഹായ ധനം പ്രഖ്യാപിച്ചിരുന്നത്.

Top