ഹരിതയെ പിന്തുണച്ച് എംഎസ്എഫിലെ ഒരു വിഭാഗം; ലീഗ് നേതൃത്വത്തിന് കത്തയച്ചു

കോഴിക്കോട്: ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം. ഹരിതയ്‌ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് ഇവര്‍ മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്. സ്ഥിതി വഷളാക്കിയത് പിഎംഎ സലാമിന്റെ ഇടപെടലാണെന്നും ഇവര്‍ ആരോപിക്കുന്നു.

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലീംലീഗ് പിരിച്ചുവിട്ടത് ഏകകണ്ഠമായ തീരുമാനപ്രകാരമല്ലെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. പി കെ നവാസിനെ എതിര്‍ക്കുന്ന എംഎസ്എഫിലെ ഒരു പ്രബല വിഭാഗമാണ് ഇപ്പോള്‍ നടപടിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. നവാസിന്റെ ഭാഗത്ത് നിന്ന് യോഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായിട്ടുണ്ട്.

അത് പാര്‍ട്ടിക്ക് നാണക്കേടാണ്. ഇപ്പോളെടുത്തിരിക്കുന്ന തീരുമാനവും പാര്‍ട്ടിക്ക് അപമാനകരമാണ്. അതുകൊണ്ട് ഒരു കാരണവശാലും ഈ തീരുമാനവുമായി മുന്നോട്ടുപോകരുത് എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത രീതിയ്ക്കകത്തും പ്രശ്‌നമുണ്ട്. പിഎംഎ സലാം വിഷയം കൈകാര്യം ചെയ്ത് വഷളാക്കുകയായിരുന്നു എന്ന വിമര്‍ശനവും കത്തിലുണ്ട്.

 

Top