ലീഗിനു മാത്രമല്ല ,പി.ജെ ജോസഫ് വിഭാഗം കേരള കോൺഗ്രസ്സിലും പരിഭ്രാന്തി, മുന്നണി മാറണമെന്ന ആവശ്യവും നേതാക്കളിൽ ശക്തം

കോണ്‍ഗ്രസ്സിന് ഇത് ശരിക്കും കഷ്ടകാലമാണ്. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍, മുസ്ലീംലീഗ് നേതൃത്വം ആശങ്കയിലായിരിക്കെ, മുന്നണി നേതൃത്വത്തെ വെട്ടിലാക്കി , കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പിലും തുടര്‍ച്ചലനങ്ങള്‍ ശക്തമാണ്. ജോസ് കെ മാണി ഗ്രൂപ്പിലേക്ക് തിരിച്ചു പോകാനും ആ നീക്കത്തിനു മാണി വിഭാഗം അനുമതി നല്‍കിയില്ലങ്കില്‍ ഇടതുപക്ഷത്തെ മറ്റൊരു ഘടക കക്ഷിയായ, ജനാധിപത്യ കേരള കോണ്‍ഗ്രസ്സില്‍ ലയിക്കാനുമാണ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. അതിനു വേണ്ടിയുള്ള നീക്കങ്ങളാകട്ടെ ഇപ്പോള്‍ ശക്തവുമാണ്.

ലോകസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ, യു.ഡി.എഫിന്റെ തകര്‍ച്ച തുടങ്ങുമെന്നാണ് ഈ വിഭാഗം കരുതുന്നത്. കോട്ടയം ലോകസഭ സീറ്റ് , ഇത്തവണ ജോസഫ് ഗ്രൂപ്പിനു വിട്ടു നല്‍കിയാല്‍ പോലും കോണ്‍ഗ്രസ്സുകാര്‍ തന്നെ തോല്‍പ്പിക്കുമെന്ന ഭയവും ജോസഫ് വിഭാഗത്തിനുണ്ട്. ജോസ് വിഭാഗത്തിലെ തോമസ് ചാഴിക്കാടനാണ് നിലവിലെ കോട്ടയം എം.പി. ഇത്തവണ ഇടതുപക്ഷവും കോട്ടയം സീറ്റ് ജോസ് വിഭാഗത്തിനാണ് വിട്ടു നല്‍കിയിരിക്കുന്നത്. രണ്ടും മൂന്നും സീറ്റുകള്‍ കേരള കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നുണ്ടെങ്കിലും കോട്ടയത്തിനപ്പുറം ഒരു സീറ്റും നല്‍കേണ്ടതില്ലന്നതാണ് സി.പി.എം തീരുമാനം. സി.പി.ഐയാവട്ടെ, കഴിഞ്ഞ തവണ മത്സരിച്ച നാലു സീറ്റുകളില്‍ തന്നെ ഇത്തവണയും മത്സരിക്കും , വയനാട്, തൃശൂര്‍, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുക. ബാക്കിയുള 15 സീറ്റുകളിലും സി.പി.എമ്മാണ് മത്സരിക്കുക.

യു.ഡി.എഫില്‍, കോണ്‍ഗ്രസ്സ് 16 സീറ്റുകളില്‍ മത്സരിക്കും. മുസ്ലീംലീഗ് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ മത്സരിക്കും. കൂടുതലായി, കോഴിക്കോട് ,വടകര സീറ്റുകള്‍ ലീഗ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഒടുവില്‍ അവരും വിട്ടുവീഴ്ച ചെയ്യാനാണ് സാധ്യത. ആര്‍.എസ്.പി ഇത്തവണയും കൊല്ലത്ത് മത്സരിക്കും. ജോസഫ് ഗ്രൂപ്പിന് കോട്ടയം കൂടി നല്‍കുമ്പോള്‍ , യു.ഡി.എഫിലെ സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാകും. ഇതോടെ , കേരള കോണ്‍ഗ്രസ്സുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന മണ്ഡലമായി കോട്ടയം മാറും. കോട്ടയത്തെ മത്സരം, പി.ജെ ജോസഫ് വിഭാഗത്തിനും നിര്‍ണ്ണായകമാകും. പരാജയപ്പെട്ടാല്‍ പിന്നെ ഇടതുപക്ഷത്തു പോലും അവര്‍ക്കൊരു ബര്‍ത്ത് കിട്ടുകയില്ല. അത്തരമൊരു സാഹചര്യം ബോധപൂര്‍വ്വം കോണ്‍ഗ്രസ്സ് തന്നെ സൃഷ്ടിക്കാനും സാധ്യത ഏറെയാണ്.

പൊന്നാനിയില്‍ മുസ്ലീംലീഗ് തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്നതും കോണ്‍ഗ്രസ്സാണ്. ഇങ്ങനെ യു.ഡി.എഫിലെ പ്രധാന ഘടക കക്ഷികള്‍ക്കു കൂടി തിരിച്ചടി നേരിട്ടാല്‍ , നിയമസഭാ തിരഞ്ഞെടുപ്പു മുന്‍ നിര്‍ത്തിയുള്ള , മുന്നണി മാറ്റത്തിനുള്ള വിലപേശലിന്റെ മുനയൊടിയുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും കഴിഞ്ഞ തവണ നേടിയ വമ്പന്‍ ജയം ഇത്തവണ കോണ്‍ഗ്രസ്സിന് ഉണ്ടാകില്ലന്നാണ് , നേതൃത്വം വിലയിരുത്തുന്നത്. ഇത്തരമൊരു സാഹചര്യം കൂടി മുന്‍ നിര്‍ത്തിയാണ് ഘടക കക്ഷികള്‍ക്കും ‘പൂട്ടിടാന്‍’, കോണ്‍ഗ്രസ്സ് അണിയറയില്‍ തന്ത്രങ്ങള്‍ മെനയുന്നത്.

അതേസമയം, പൊന്നാനിയിലെ സിറ്റിംഗ് എംപിയായ ഇടി മുഹമ്മദ് ബഷീര്‍ ഇത്തവണ മലപ്പുറത്തേക്ക് കൂട് മാറാനുള്ള ശ്രമവും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം പൊന്നാനി ലോകസഭ മണ്ഡലത്തില്‍, പതിനായിരത്തില്‍ താഴെ മാത്രമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസ്സിലെ ഭിന്നതയും പൊന്നാനിയില്‍ ലീഗ് നേരിടുന്ന ഭീഷണിയാണ്. ഇടി മുഹമ്മദ് ബഷീര്‍ മാറിയാല്‍ കെ എം ഷാജി, അബ്ദു സമദ് സമദാനി, പി.കെ ഫിറോസ് എന്നിവരില്‍ ആരെങ്കിലും പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയാകും.

മുന്‍ മന്ത്രി കെ.ടി ജലീല്‍ നിലവിലെ മന്ത്രി വി അബ്ദു റഹിമാന്‍ എന്നിവരാണ് സി.പി.എമ്മിന്റെ പരിഗണനയിലുള്ള പ്രമുഖര്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു എന്നിവരും പരിഗണനാ ലിസ്റ്റിലുണ്ട്. കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ പ്രഥമ പരിഗണന ഷൗക്കത്തിന് നല്‍കാനാണ് സാധ്യത.

കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ മത്സരിപ്പിക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് താല്‍പ്പര്യം. എന്നാല്‍, ജോസഫ് ഗ്രൂപ്പിന് സീറ്റ് നല്‍കാനുള്ള സാധ്യതയാണ് തെളിയുന്നത്. അങ്ങനെ വന്നാല്‍ ആരെ മത്സരിപ്പിക്കുമെന്നതിനെ ചൊല്ലിയും ഭിന്നത രൂക്ഷമാണ്. ജന സ്വാധീനമില്ലാത്ത ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം കൈവിട്ടു പോകുമെന്നാണ് ഡി.സി.സി നേതൃത്വം കെ.പി.സി.സി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പി.ജെ ജോസഫ് മത്സരിക്കുകയാണെങ്കില്‍, കോണ്‍ഗ്രസ്സിന് എതിര്‍പ്പില്ലങ്കിലും ആരോഗ്യപ്രശ്‌നം കാരണം ജോസഫ് ഒരിക്കലും മികച്ച സ്ഥാനാര്‍ത്ഥിയല്ലാണ് ജില്ലയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്. ജോസഫ് ഗ്രൂപ്പിലും സീറ്റിനായി തമ്മിലടി രൂക്ഷമാണ്. സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതോടെ , ജോസഫ് ഗ്രൂപ്പിലും പൊട്ടിത്തെറി ഉറപ്പാണ്.

പി.ജെ. ജോസഫിനെ മാത്രം മുന്‍ നിര്‍ത്തി മുന്നോട്ടു പോകുന്ന പാര്‍ട്ടി ആയതിനാല്‍ അധികകാലം ഒരു പാര്‍ട്ടിയായി മുന്നോട്ടു പോകാന്‍ കഴിയില്ലന്ന തിരിച്ചറിവ് ഇപ്പോള്‍ തന്നെ ജോസഫ് വിഭാഗത്തിലെ നേതാക്കള്‍ക്കിടയിലുണ്ട്. നിലവില്‍ മോന്‍സ് ജോസഫും, പി.ജെ ജോസഫുമാണ്, പാര്‍ട്ടി എം.എല്‍.എമാര്‍. ഇതില്‍ മോന്‍സ് ജോസഫിന്റെ നേതൃത്വം അംഗീകരിക്കാത്ത നേതാക്കളും നിരവധിയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍, അതൊരു അവസരമാക്കി കൂട്ടത്തോടെ പാര്‍ട്ടി വിടാനാണ് ഇവരില്‍ പലരുടെയും തീരുമാനം. യു.ഡി.എഫില്‍ കോണ്‍ഗ്രസ്സും മുസ്ലീംലീഗും കഴിഞ്ഞാല്‍, മൂന്നാമത്തെ പ്രധാന ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ്സ്, ലീഗിലെ ഒരു വിഭാഗത്തിനു പുറമെ, ഈ വിഭാഗം കൂടി പിളര്‍ന്നാല്‍ , അതോടെ , യു.ഡി.എഫ് എന്ന സംവിധാനം തന്നെയാണ് ഇല്ലാതാകുക.

സി.പി.എം അനുകൂലമായി പ്രതികരിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഇടതുപക്ഷത്ത് തിരികെ എത്താനാണ് ആര്‍.എസ്.പിയും ശ്രമിക്കുന്നത്. അവര്‍ക്കു മുന്നില്‍ പ്രധാനതടസ്സം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ്. ഒരു കക്ഷിയെയും കൂട്ടുപിടിക്കാതെ തന്നെ ലോകസഭ തിരഞ്ഞെടുപ്പില്‍ മിന്നുംവിജയം നേടാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രിയുള്ളത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ആര്‍ക്കെതിരെയാണെന്ന ചോദ്യം ഉയര്‍ത്തുക വഴി കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തെയാണ് പിണറായി വെട്ടിലാക്കിയിരിക്കുന്നത്. ബി.ജെ.പിയെ ചെറുക്കാന്‍ , രാഹുല്‍ വയനാട്ടില്‍ മത്സരിക്കേണ്ട കാര്യമില്ലന്ന ഇടതുപ്രചരണം, കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും യു.ഡി.എഫിനെയാണ് പ്രതിരോധത്തിലാക്കാന്‍ പോകുന്നത്.

EXPRESS KERALA VIEW

 

Top