കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്ന് പണിമുടക്കും. ഭരണപക്ഷ അനുകൂല സംഘടനകളും ബി.എം.എസ് അനുകൂല സംഘടനകളും പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കും.

ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയില്ല, ഡി.എ കുടിശ്ശിക നല്‍കിയിട്ടില്ല. പ്രഖ്യാപനത്തിന് വിപരീതമായി 101 ബസുകള്‍ മാത്രമാണ് ഈ വര്‍ഷം പുറത്തിറക്കിയത്. കെ.എസ്.ആര്‍.ടി.സി വാടക ബസുകള്‍ ഇറക്കാനുള്ള നീക്കം സ്വകാര്യവല്‍ക്കരണത്തിന്, എന്നീ ആരോപണങ്ങളാണ് സമരാനുകൂലികള്‍ ഉയര്‍ത്തി കാട്ടുന്നത്.

പണിമുടക്കിന് ഡയസ്നോണ്‍ ബാധകമാക്കി കെ.എസ്.ആര്‍.ടി.സി ഉത്തരവിറക്കിയിട്ടുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ തന്നെ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങില്ലെന്നാണ് പ്രതീക്ഷ.

അതേസമയം കെഎസ്ആര്‍ടിസിയുടെ സര്‍വീസ് മുടക്കി സമരത്തിനിറങ്ങുന്നതിനു പകരം മറ്റു രീതിയിലുള്ള സമര മുറകള്‍ സ്വീകരിക്കാന്‍ സംഘടനകള്‍ ശ്രമിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.

നിലവില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തെ വരുമാനം ആറു കോടിയില്‍ താഴെയാണ്. ഒരു ദിവസത്തെ വരുമാനം മുടങ്ങിയാല്‍പ്പോലും അതു ശമ്പള വിതരണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മാസവും ശമ്പളം വൈകുന്നുണ്ടെങ്കിലും അതാതുമാസം തന്നെ കൊടുത്തുതീര്‍ക്കാന്‍ കെഎസ്ആര്‍ടിസി കഠിനപ്രയത്നം നടത്തുകയാണ്. ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചാക്രികമായാണു പണം നല്‍കുന്നത്. ആദ്യ പത്തുദിവസത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇന്ധനവില നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഊഴമനുസരിച്ച് ശമ്പളവും പെന്‍ഷനും നല്‍കും. ഒരു ദിവസത്തെ വരുമാനം കുറഞ്ഞാല്‍ ശമ്പള വിതരണവും അതിനനുസരിച്ചു വൈകുമെന്നും മന്ത്രി അറിയിച്ചു.

Top