എന്ത് കണ്ടിട്ടാണ് ഈ ധൂര്‍ത്ത്; സമ്പത്തിനും ‘അഞ്ച്’പേഴ്സണല്‍ സ്റ്റാഫിനും ചെലവ് രണ്ട് ലക്ഷം

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്ത് വര്‍ധിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പിണറായി സര്‍ക്കാരിന്റെ കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ മുന്‍ എംപി കൂടിയായ എ. സമ്പത്തിനും അദ്ദേഹത്തിന്റെ അഞ്ച് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമായി സര്‍ക്കാര്‍ ചെലവാക്കുന്നത് രണ്ട് ലക്ഷത്തോളം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷത്തിന്റെയും ബിജെപിയുടേയും ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

ശമ്പളം, ക്ഷാമ ബത്ത അലവന്‍സ് എന്നിങ്ങനെ ഒരു ലക്ഷത്തിനടുത്ത് സമ്പത്തിന് മാത്രമായി നല്‍കുന്നുണ്ട്. സമ്പത്തിന്റെ അടിസ്ഥാന ശമ്പളം 2000 രൂപയാണ്. ക്ഷാമ ബത്ത- 33,423 രൂപ, ഡല്‍ഹി അലവന്‍സ്- 57,000 രൂപ. ആകെ 92,423 രൂപയാണ് സമ്പത്തിന് ഒരു മാസം ലഭിക്കുന്നത്.

സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റുമാര്‍, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിവരെ അനുവദിച്ച് കൊടുത്തിരുന്നു. നിയമനം നടത്തിയെങ്കിലും മൂന്ന് പേരാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. അസിസ്റ്റന്റുമാരായി പ്രവേശിച്ച രണ്ട് പേരും 40,716 രൂപയാണ് ശമ്പളമായി കൈപ്പറ്റുന്നത്. 24,160 രൂപയാണ് ഓഫീസ് അറ്റന്‍ഡന്റിന്റെ ശമ്പളം. മൂവരും ചേര്‍ന്ന് കൈപ്പറ്റുന്നത് 1,05,592 രൂപയാണ്. പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ച കെ സതീഷ് ബാബു ഇതുവരെ ചുമതല ഏറ്റെടുത്തില്ല. നിയമനങ്ങളിലെ വിവാദമാണ് കാരണം. ഡ്രൈവറെ ഇതുവരെ നിയമിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പെട്ടെന്ന് സര്‍ക്കാരിനെ അറിയിക്കാനാണ് ഈ പ്രത്യേക പദവി എന്നായിരുന്നു കേരളാ സര്‍ക്കാരിന്റെ വാദം. കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താന്‍ മിക്ക സംസ്ഥാനങ്ങള്‍ക്കും ഇങ്ങനെ ഒരു പദവിയുണ്ടെന്നും കേരളത്തിന് ഗുണകരമാകുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എ.സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുമ്പോള്‍ എല്‍.ഡി.എഫ് നേതാക്കളില്‍ പലരും ഇത് അറിഞ്ഞിട്ടില്ലായിരുന്നു എന്നതും ഒരു വാസ്തവമാണ് പക്ഷെ സി.പി.എമ്മിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം മുന്നണിയില്‍ ആര്‍ക്കുമില്ല. ഈ ധൂര്‍ത്ത് തുടര്‍ന്നാല്‍ ഖജനാവ് കാലിയാകും എന്നതില്‍ ഒരു സംശയവും വേണ്ട.

Top