കര്‍ണാടക കലുഷിതം; രാജിവച്ച എം.എല്‍.എയെ കോണ്‍ഗ്രസ് നേതാക്കള്‍ പൂട്ടിയിട്ടു

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന്റെ നിലനില്പ് കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഇന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. കെ.സുധാകര്‍, എം.ടി.ബി നാഗരാജ് എന്നീ എം.എല്‍.എമാരാണ് രാജിവച്ചത്. കെ.സുധാകരിന്റെ രാജിക്ക് പിന്നാലെ കര്‍ണാടക വിധാന്‍സൗധയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. രാജി വച്ച കെ. സുധാകറിനെ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിയുടെ മുറിയില്‍ പൂട്ടിയിട്ടതായാണ് റിപ്പോര്‍ട്ട്.

സുധാകറിനെ മന്ത്രി കെ.ജെ. ജോര്‍ജിന്റെ മുറിയിലാണ് പൂട്ടിയിട്ടത്. സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എം.എല്‍.എയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കെ. സുധാകറിനെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും ബി.ജെ.പി. നേതാക്കളും വിധാന്‍ സൗധയിലെ മൂന്നാംനിലയിലെത്തിയെങ്കിലും മുറി തുറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Top