ദുൽഖർ സിനിമയിൽ പിന്നിട്ട ‘വഴിയിൽ’ ഒഴുകികൊണ്ടിരിക്കുന്നത് രക്തപ്പുഴ !

ലോകത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് മെക്സിക്കോ. ഇവിടെ നടക്കുന്ന കൂട്ടക്കൊലകളും അധോലോക സംഘങ്ങളുടെയും മയക്കുമരുന്നു മാഫിയകളുടെയും ഏറ്റുമുട്ടലുകളുമെല്ലാം ഹോളിവുഡ് സിനിമകളെ വെല്ലുന്നതാണ്. ഈ നരകത്തിൽ നിന്നും രക്ഷതേടി അമേരിക്കയിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്നവരിൽ നല്ലൊരു വിഭാഗവും ദാരുണമായാണ് കൊല്ലപ്പെടുന്നത്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അമേരിക്കയിലെ ടെക്സസിൽ ട്രക്കിനുള്ളിലാണ് 46 മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സാൻ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങളടങ്ങിയ ട്രക്ക് കണ്ടെത്തിയത്. അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ഏറ്റവും വലിയ അത്യാഹിതമാണിത്. ട്രക്കിൽ അവശനിലയിൽ അവശേഷിച്ച 16 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ അവസ്ഥയും ഗുരുതരമാണ്. സമീപ കാലത്ത് സംഭവിച്ച ‘ഏറ്റവും മാരകമായ ദുരന്തം’ എന്നാണ് ഇതിനെ അമേരിക്കൻ മാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം സമാനമായ രീതിയിൽ അമേരിക്ക ലക്ഷ്യമിട്ട് നീങ്ങിയ ട്രക്ക് മറഞ്ഞ് 54 പേരാണ് കൊല്ലപ്പെട്ടിരുന്നത്. 58 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

2017ൽ, സാൻ അന്റോണിയോയിലെ വാൾമാർട്ടിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കുടുങ്ങി പത്തു കുടിയേറ്റക്കാർ മരിച്ചിരുന്നു. 2003-ൽ സാൻ അന്റോണിയോയുടെ തെക്കുകിഴക്കായി ഒരു ട്രക്കിൽ 19 കുടിയേറ്റക്കാരെയും മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി. നുഴഞ്ഞുകയറ്റത്തിനിടയിലെ വെടിവയ്പ്പും ക്രിമിനലുകളുടെ അക്രമവും കൂടി കണക്കിലെടുക്കുമ്പോൾ ദിവസവും പിടഞ്ഞു വീഴുന്നവരുടെ എണ്ണം നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

1990-കളുടെ തുടക്കം മുതലാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് ശക്തമായിരുന്നത്. ഭൂമി ശാസ്ത്രപരമായി മെക്സിക്കോ അതിർത്തിക്കുള്ള പ്രത്യേകതയാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ജനപ്രിയ കള്ളക്കടത്ത് എന്ന രൂപത്തിലേക്ക് മനുഷ്യക്കടത്തിനെ മാറ്റാൻ മാഫിയാ സംഘത്തിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. എത്ര ശ്രമം പരാജയപ്പെട്ടാലും എത്ര തന്നെ പേർ കൊല്ലപ്പെട്ടാലും മനുഷ്യക്കടത്ത് നിർത്താൻ മാഫിയയും അമേരിക്കൻ സ്വപ്നം ഉപേക്ഷിക്കാൻ ജനങ്ങളും തയ്യാറല്ലന്നതാണ് യാഥാർത്ഥ്യം.

2001-ലെ അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷം മനുഷ്യക്കടത്ത് കൂടുതൽ ദുഷ്‌കരമായതിനാൽ കുടിയേറ്റക്കാർ കൂടുതൽ അപകടകരമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനാണ് നിർബന്ധിക്കപ്പെട്ടിരുന്നത്. മനുഷ്യക്കടത്തു സംഘങ്ങൾക്ക് കൂടുതൽ പണം നൽകേണ്ട ഗതികേടും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട്.

അമേരിക്കയിലേക്ക് രേഖകളില്ലാതെ ആളുകളെ കയറ്റി അയക്കുന്ന ‘താവളമായി’ മെക്സിക്കോ മാറിയതോടെ തദ്ദേശ വാസികൾ മാത്രമല്ല ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി അമേരിക്ക ലക്ഷ്യമിടുന്നവരും ഇവിടെയാണ് കേന്ദ്രീകരിച്ചിരുന്നത്. അതിൽ, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ഉൾപ്പെടും. അമേരിക്കയിലേക്ക് രേഖകളില്ലാതെ നൂറ്കണക്കിനു പേരെ കടത്തിയ കേസിൽ ഇന്ത്യൻ വംശജയായ ടെക്‌സസ് സ്വദേശിനി ഹേമ പട്ടേലിനെ അമേരിക്കൻ കോടതി ശിക്ഷിച്ചത് 2018ലാണ്.

“കോമ്രേഡ് ഇന്‍ അമേരിക്ക ” എന്ന അമൽ നീരദ് സിനിമയിൽ ചിത്രീകരിക്കപ്പെട്ടതു പോലെ നായകൻ ദുൽഖർ സൽമാനും സംഘവും നേരിട്ടതിനു സമാനമായ വെല്ലുവിളികളാണ് മെക്സിക്കോ അതിർത്തി കടക്കാൻ ശ്രമിക്കുന്നവരും നേരിടുന്നത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും മെക്സിക്കോ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുക എന്നത് ഒരു ‘മരണക്കളി’ തന്നെയാണ്. ജീവൻ പണയംവച്ച ഒരുയാത്ര എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി വരും.

EXPRESS KERALA VIEW

 

Top