കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ബന്ധു

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മാർത്താണ്ഡം സ്വദേശി ബിജു കുട്ടിയുടെ ബന്ധു. കുട്ടിയുടെ കുടുംബം കടം വാങ്ങിയ പത്ത് ലക്ഷം രൂപ തിരികെ ലഭിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കടത്തുന്നതിനായി ഒരു ലക്ഷം രൂപയാണ് ബിജു ക്വട്ടേഷൻ സംഘത്തിന് നൽകിയത്. കുട്ടിയെ തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പാറശ്ശാലയിൽ നിന്നാണ് പോലീസ് ബിജുവിനെ പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്‌.

തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച സഹോദരിയേയും അയൽവാസിയേയും സംഘം ആക്രമിച്ച് വീഴ്ത്തി. കുട്ടിയെ കൊണ്ടുപോയതിന് പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.

അഞ്ച് മണിക്കൂറോളം നേരം പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ രാത്രി പതിനൊന്നരയോടെ പാറശാലയിൽ നിന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് സംഘം പോലീസിന്റെ മുന്നിൽപ്പെടുകയായിരുന്നു. ഈ സമയം അബോധാവസ്ഥയിലായിരുന്നു കുട്ടി. വാടകയ്‌ക്കെടുത്ത കാറിലാണ് സംഘം കൊല്ലത്ത് എത്തിയതെന്നാണ് വിവരം.

Top