രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അപൂര്‍വ്വ റെക്കോര്‍ഡ്;10-ാം വിക്കറ്റില്‍ 194 റണ്‍സ് കൂട്ടിച്ചേര്‍ത്തു

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അപൂര്‍വ്വ റെക്കോര്‍ഡ്. മുംബൈ താരങ്ങളായ തനുഷ് കോട്യാനും തുഷാര്‍ ദേശ്പാണ്ഡെയും 10-ാം വിക്കറ്റില്‍ 194 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം ഇന്നിങ്ങ്‌സിലായിരുന്നു മുംബെ താരങ്ങളുടെ റെക്കോര്‍ഡ് പ്രകടനം. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 10-ാം വിക്കറ്റ് കൂട്ടുകെട്ടാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന 10-ാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡ് മുംബൈ താരങ്ങള്‍ക്ക് നഷ്ടമായത് അഞ്ച് റണ്‍സ് അകലെയാണ്.

2014ല്‍ ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടും ജെയിംസ് ആന്‍ഡേഴ്‌സണും കൂട്ടിച്ചേര്‍ത്ത 198 റണ്‍സാണ് ക്രിക്കറ്റ് ചരിത്രത്തിലെ 10-ാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ഇന്ത്യയ്‌ക്കെതിരെ നോട്ടിങ്ഹാമിലായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ നേട്ടം.തനുഷ് 129 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 120 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. തുഷാര്‍ 129 പന്തില്‍ 10 ഫോറും എട്ട് സിക്‌സും സഹിതം 123 റണ്‍സെടുത്തു. തുഷാര്‍ ദേശ്പാണ്ഡെ പുറത്തായതോടെയാണ് അപൂര്‍വ്വ കൂട്ടുകെട്ടിന് വിരാമമായത്. അവസാന ദിനമായതിനാല്‍ മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മുംബൈ 384 റണ്‍സിന് പുറത്തായി. ബറോഡയുടെ മറുപടി 348 റണ്‍സില്‍ അവസാനിച്ചു. 36 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്ങ്‌സിന് ഇറങ്ങിയ മുംബൈ ഒരു ഘട്ടത്തില്‍ ഒമ്പതിന് 337 റണ്‍സെന്ന നിലയിലായി. പിന്നീടാണ് 10-ാം വിക്കറ്റില്‍ തനുഷും തുഷാറും ഒന്നിച്ചത്. തനുഷ് കോട്യാനും തുഷാര്‍ ദേശ്പാണ്ഡെയും സെഞ്ച്വ റി നേടിയിരുന്നു. തുഷാര്‍ ദേശ്പാണ്ഡെ 123 റണ്‍സ് നേടി പുറത്തായപ്പോള്‍ തനുഷ് കോട്യാന്‍ 120 റണ്‍സ് നേടി പുറത്താകാതെ നിന്നു,

Top