സെമി ഫൈനലില്‍ എത്തിയതിന് പിന്നാലെ രോഹന്‍ ബൊപ്പണ്ണയെ തേടി അപൂര്‍വ്വ നേട്ടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ എത്തിയതിന് പിന്നാലെ രോഹന്‍ ബൊപ്പണ്ണയെ തേടി അപൂര്‍വ്വ നേട്ടം. കരിയറില്‍ ആദ്യമായി ബൊപ്പണ്ണ ടെന്നിസ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ലോക ഒന്നാം നമ്പര്‍ താരമാകുന്ന ഏറ്റവും പ്രായം കൂടിയ താരവുമാണ് ബൊപ്പണ്ണ. 43-ാം വയസിലാണ് താരത്തിന്റെ നേട്ടം.

കഴിഞ്ഞ 12 മാസത്തില്‍ ബൊപ്പണ്ണ-എബ്‌ഡെന്‍ സഖ്യം മികച്ച റിസള്‍ട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇരുവരും യുഎസ് ഓപ്പണിന്റെ ഫൈനലില്‍ എത്തിയിരുന്നു. 2023 ഫെബ്രുവരിയില്‍ നടന്ന ഖത്തര്‍ ഓപ്പണില്‍ ബൊപ്പണ്ണ-എബ്‌ഡെന്‍ സഖ്യമായിരുന്നു വിജയികള്‍.

ഓസ്‌ട്രേലിന്‍ താരം മാത്യു എബ്ഡെനോടൊപ്പമാണ് ബൊപ്പണ്ണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലെത്തിയത്. പുതിയ ഡബിള്‍സ് റാങ്കിങ്ങില്‍ എബ്‌ഡെന്‍ രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രലിയന്‍ ഓപ്പണ്‍ വിജയിച്ചാല്‍ ബൊപ്പണ്ണയ്ക്ക് കരിയറില്‍ ആദ്യമായി ഗ്രാന്‍ഡ്സ്ലാം കിരീടം നേടാം. മുമ്പ് രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം കിരീടത്തിന് അരികിലെത്തിയെങ്കിലും ബൊപ്പണ്ണയുടെ സഖ്യം പരാജയപ്പെട്ടുപോയി.

Top