തിരുവനന്തപുരം: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എ രാജ അപ്പീല്‍ നല്‍കും. സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കിര്‍ത്താഡ്‌സ് രേഖകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും സിപിഎം തീരുമാനിച്ചു.
സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജ യോഗ്യനാണെന്ന് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. രാജ സംവരണത്തിന് യോഗ്യനാണ്. നിയമപരമായ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച് ഹൈക്കോടതി ഉത്തരവിനെ നേരിടുമെന്നും സിവി വര്‍ഗീസ് പറഞ്ഞു.
ദേവികുളം എംഎല്‍എയായ എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കിയത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. വ്യാജ രേഖകൾ ഹാജരാക്കിയാണ് രാജ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന പരാതിക്കാരനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.