തന്റെ വിശ്വസ്തത തിരിച്ചറിയുമെന്ന് കരുതുന്നു: മന്‍മോഹന്‍ സിങിന് രാജയുടെ കത്ത്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് 2 ജി അഴിമതിക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ ടെലികോം മന്ത്രി എ രാജയുടെ കത്ത്.
2 ജി കേസുമായി ബന്ധപ്പെട്ട് സത്യം പുറത്തുവന്ന സാഹചര്യത്തില്‍ ഇതുവരെ തനിക്ക് നല്‍കാന്‍ കഴിയാതിരുന്ന പിന്തുണ മന്‍മോഹന്‍ ഇനിയെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി കത്തില്‍ രാജ പറയുന്നു.

മന്‍മോഹന് തന്നെ പിന്തുണയ്ക്കാന്‍ കഴിയാതിരുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമായി അറിയാമെന്നും രാജ കത്തില്‍ വിശദീകരിക്കുന്നു.

‘ഞാന്‍ ഇന്ന് കുറ്റവിമുക്തനാണ്. ഞാന്‍ വിശ്വസ്തത പുലര്‍ത്തിയിരുന്നുവെന്ന് താങ്കള്‍ തിരിച്ചറിയുമെന്ന് കരുതുന്നു. 2 ജി അഴിമതിക്കേസില്‍ യു.പി.എ സര്‍ക്കാരിന് വലിയ വില നല്‍കേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏഴുവര്‍ഷം നഷ്ടപ്പെട്ടു. 15 വര്‍ഷം എനിക്ക് ജയിലില്‍ കഴിയേണ്ടിവന്നു. കേസിന്റെ വിചാരണയ്ക്കിടെ താങ്കള്‍ക്ക് വ്യക്തിപരമായ വിഷമം അനുഭവിക്കേണ്ടിവന്നുവെന്ന് കരുതുന്നില്ല’ രാജ കത്തില്‍ പറയുന്നു.

യു.പി.എ സര്‍ക്കാരിനെ പിടിച്ചുലച്ച 2 ജി അഴിമതിക്കേസില്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി സെയ്‌നി ഡി.എം.കെ നേതാവ് എ രാജ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനു പിന്നാലെ 2017 ഡിസംബര്‍ 26 നാണ് മന്മോഹന്‍ സിങ്ങിനുള്ള കത്ത് എ രാജ എഴുതിയത്.

രാജ കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പുതുവത്സരാശംസ നേരുന്നുവെന്നും രാജയ്‌ക്കെഴുതിയ മറുപടിക്കത്തില്‍ മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്.

Top