ഈ പാവം ഡ്രൈവറെ തല്ലിചതച്ച സ്ത്രീകളെ എന്തു ചെയ്യണം ? അവനൊപ്പം ആരുണ്ട് . . ?

സ്ത്രീ സംരക്ഷണത്തിന്റെ മൊത്തം ‘കുത്തക’ ഏറ്റെടുത്ത സ്ത്രീപക്ഷവാദികളോട് ഒരു ചോദ്യം.

കൊച്ചിയില്‍ ബുധനാഴ്ച യൂബര്‍ ടാക്‌സി ഡ്രൈവറെ പട്ടാപ്പകല്‍ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് ‘പഞ്ഞിക്കിട്ട’ മൂന്ന് സ്ത്രീകളുടെ കാര്യത്തില്‍ എന്താണ് നിങ്ങളുടെ നിലപാട് ?

ഇവര്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.

കാറിനകത്ത് ആക്രമിക്കപ്പെട്ട നടിയുടെ കണ്ണീരിന് ഒന്നും പകരമാവില്ലന്ന് സമ്മതിച്ചു കൊണ്ട് തന്നെ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ ഭാരവാഹികളോട് ഒന്നു ചോദിക്കട്ടെ, സിനിമാ പ്രവര്‍ത്തകരെന്ന് പറയുന്ന യുവതികളുടെ ആക്രമണത്തില്‍ തല പൊട്ടി ആശുപത്രിയിലായ പാവം യൂബര്‍ ഡ്രൈവര്‍ക്കും വേണ്ടേ നീതി ?

‘അവള്‍ക്കൊപ്പം’ എന്ന് പറയുന്നവര്‍ അവനൊപ്പവും ഉണ്ടാകണം. അതാണല്ലോ മര്യാദ.

ദിലീപ് ‘വധം’ നടത്തുന്ന ചാനലുകളും ‘നിഷ്പക്ഷ’ നിരീക്ഷകരും റിട്ടയര്‍ ഉദ്യോഗസ്ഥരുമെല്ലാം ഇക്കാര്യം കൂടി ഇനി ചര്‍ച്ചാ വിഭവമാക്കണം.

അകത്താകുന്നത് കുറ്റാരോപിതനായാലും ഒരു കാരണവശാലും പുറത്തിറക്കില്ലെന്ന് വാശി പിടിക്കുന്ന പൊലീസ് ഉള്‍പ്പെടെയുള്ള നിയമസംവിധാനങ്ങളും  ഈ സംഭവത്തിലും നടപടി കര്‍ക്കശമാക്കണം.

അറസ്റ്റും തെളിവെടുപ്പും റിമാന്റുമെല്ലാം എല്ലാ ‘പ്രതികള്‍ക്കും’ ബാധകമാകണമല്ലോ ?

മാത്രമല്ല, ആക്രമിക്കപ്പെട്ട ഈ ടാക്‌സി ഡ്രൈവര്‍ക്ക് വല്ല ‘ക്വട്ടേഷന്‍’ ആരെങ്കിലും കൊടുത്തതാണോ എന്ന കാര്യം കൂടി പൊലീസ് ‘ അന്വേഷിക്കണ്ടേതല്ലേ ‘

സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനകള്‍ ഈ കേസിലുമാകാമല്ലോ ?

ഈ മൂന്ന് സ്ത്രീകള്‍ ഡ്രൈവറെ ആക്രമിച്ചു എന്നതിന് ദൃക്‌സാക്ഷികളുണ്ട്. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

എന്നാല്‍ പോലും ഈ സംഭവത്തിലും ‘വിവാദ’ സംഭവത്തിലേത് പോലെ ഒരു ഗൂഢാലോചന ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ ?

കാരണം, ഷെയര്‍ ടാക്‌സി സംവിധാനത്തിലൂടെ ബുക്ക് ചെയ്ത വാഹനത്തില്‍ മറ്റൊരു യാത്രക്കാരന്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും ആ യാത്രക്കാരനെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ ബഹളം വച്ചത് എന്തിനാണെന്ന സംശയം സ്വാഭാവികമാണ്.

ഷെയര്‍ ചെയ്യാനാണല്ലോ ഷെയര്‍ വിഭാഗം തന്നെ യൂബറില്‍ അവര്‍ പ്രത്യേകം തിരഞ്ഞെടുത്തത്.

പിന്നെ എന്തിനാണ് വഴക്ക് ? യാത്രക്കാരനെ വഴിയില്‍ ഇറക്കിവിടാതിരുന്നതിന് ഡ്രൈവറുടെ തല അടിച്ച് പൊട്ടിച്ചാണോ ഇവിടെ സ്ത്രീ’ ശാക്തീകരണം’ നടപ്പിലാക്കേണ്ടത് ?

അതിന് ഇവര്‍ക്ക് ധൈര്യം എവിടെ നിന്നാണ് കിട്ടിയത് ? എന്തു ചെയ്താലും വുമന്‍ സിനിമാ കളക്ടീവും സ്ത്രീപക്ഷ ‘അവസര’വാദികളും ഒപ്പം ഉണ്ടാകുമെന്ന അഹങ്കാരത്തിലാണോ ഈ പരാക്രമം ?

ആണെങ്കില്‍ അത് സമൂഹത്തിനു നല്‍കുന്നത് അപകട സിഗ്‌നലാണ്. അതിമോഹവുമാണ്. ബഹു ഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ താല്‍പ്പര്യത്തിന് എതിരുമാണത്.

ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് സ്ത്രീപക്ഷ വിരുദ്ധരായും, പി.ആര്‍ വര്‍ക്കായുമെല്ലാം ഞങ്ങളെ ചിത്രീകരിക്കാന്‍ ഇനി ആരെങ്കിലും ശ്രമിച്ചാല്‍ അവരോട് സഹതപിക്കുകയേ തല്‍ക്കാലം നിവൃത്തിയൊള്ളൂ.

പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ടത് പോലെ ഇനിയും പറഞ്ഞിരിക്കും.

Team express Kerala

Top