A Pursuit for Favourable Appointments in Kerala Police Force…

തിരുവനന്തപുരം: നിയമനത്തിനുവേണ്ടി പൊലീസുദ്യോഗസ്ഥരുടെ പരക്കം പാച്ചില്‍. ഐ.പി.എസുകാര്‍ മുതല്‍ എസ്.ഐ തലം വരെയുള്ള ഉദ്യോഗസ്ഥരാണ് ഇഷ്ട നിയമനത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാന പോലീസ് മേധാവി, സൗത്ത് സോണ്‍ എ.ഡി.ജി.പി, ആലുവ റൂറല്‍ എസ്.പി എന്നീ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും മാറ്റിയത്. ജിഷ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി യും സി.ഐ യും സ്ഥലം മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇവിടെ പകരം നിയമനം നല്‍കിയവരാരും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി വന്നവരല്ല. ജിഷ കേസില്‍ പുതിയ അന്വേഷണ ടീമിനെ ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നിയോഗിച്ചപ്പോള്‍ ഈ സംഘത്തിന് ക്രമസമാധാന ചുമതലകൂടി നല്‍കിയത് കേസന്വേഷണത്തിന് സഹായകരമാവാനാണ്. ഡി.ജി.പി സെന്‍കുമാറിനെ മാറ്റാന്‍ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി തന്നെയാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടിരുന്നത്.

ആലുവ റൂറല്‍ എസ്.പി ആയി ഉണ്ണിരാജയെ നിയമിച്ചതില്‍ ശക്തമായ എതിര്‍പ്പ് സി.പി.എം അണികളില്‍ പ്രത്യേകിച്ച് കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയിലുണ്ടെങ്കിലും എ.ഡി.ജി.പി ബി.സന്ധ്യയുടെ നിര്‍ദ്ദേശത്തില്‍ രാഷ്ട്രീയ താല്‍പ്പര്യം പ്രകടിപ്പിക്കാതെ ‘വിട്ടുവീഴ്ച’ ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് ഏത് വിധേനയും ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വിട്ടുവീഴ്ച മാത്രമാണ്. മറ്റ് തസ്തികകളില്‍ ഉടന്‍ തന്നെ അഴിച്ചുപണിയുണ്ടാകുമെന്ന് കണ്ടാണ് ഇപ്പോള്‍ സ്ഥാന മോഹികളായ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.

സാധാരണ ഗതിയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് നിയമനങ്ങള്‍ നടത്തുകയാണ് പതിവ്. എസ്.ഐ തലം മുതല്‍ ഡി.വൈ.എസ്.പി തലം വരെയുള്ള നിയമനങ്ങളില്‍ ജില്ലാ കമ്മിറ്റികളുടെ ലിസ്റ്റും എസ്.പി മാര്‍ മുതല്‍ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ സി.പി.എം സംസ്ഥാന സെന്റര്‍ ‘ധാരണ’ രൂപപ്പെടുത്തുകയുമാണ് കീഴ്‌വഴക്കം. ഇടത് അനുകൂല പൊലീസ് സംഘടനകളുടെ നിര്‍ദ്ദേശങ്ങളും മുന്‍കാലങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്നു. ശുപാര്‍ശയില്‍ ഇങ്ങനെ കയറിക്കൂടിയവരില്‍ കളങ്കിതരായ ഉദ്യോഗസ്ഥരടക്കം പലപ്പോഴും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ ഇത്തവണ സാക്ഷാല്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി എന്നതിനാല്‍ ഇക്കാര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്നും അഴിമതിക്കാരെ മാറ്റി നിര്‍ത്തി കഴിവുള്ള ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുമെന്നുമാണ് പറയപ്പെടുന്നത്. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ച മുഖ്യമന്ത്രിയുടെ നടപടിയാണ് ഈ വാദത്തിന് ശക്തി പകരുന്നത്.

സ്ഥലമാറ്റം സംബന്ധമായി അഭ്യൂഹങ്ങള്‍ ശക്തമായി തുടരുമ്പോഴും ഇഷ്ട നിയമനത്തിനായി ഭരണകക്ഷി നേതാക്കളുടെയും എം.എല്‍.എ മാരുടെയും മന്ത്രിമാരുടെയുമെല്ലാം കാല് പിടിത്തവും അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

വിജിലന്‍സ് കേസില്‍ പ്രതിയായ ഐ.ജി യും എസ്.പി യുമെല്ലാം ഈ ‘പാദസേവ’ യില്‍ പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡി.വൈ.എസ്.പി – സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരും അഴിച്ചുപണി മുന്നില്‍ കണ്ട് കരുക്കള്‍ നീക്കി തുടങ്ങിയിട്ടുണ്ട്. എസ്.ഐ മാരില്‍ പ്രമോട്ടികളാണ് ശുപാര്‍ശ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.

ഇപ്പോള്‍ പ്രബേഷനിലുള്ള പുതിയ ബാച്ച് എസ്.ഐ മാരുടെ കാലാവധി 18 ന് പൂര്‍ത്തിയാകും. 19 ന് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ ടീം വരുന്നത് പ്രമോട്ടികളായ എസ്.ഐ മാരുടെ അവസരം തുലക്കുമെന്ന് കണ്ട് ഇടത് അനുകൂല പൊലീസ് സംഘടനകള്‍ വഴിയാണ് സമ്മര്‍ദ്ദം കൂടുതലുള്ളത്.

അണിയറയില്‍ തകൃതിയായി സമ്മര്‍ദ്ദങ്ങളും പരക്കം പാച്ചിലുമെല്ലാം നടക്കുന്നുണ്ടെങ്കിലും പൊലീസ് നിയമനവുമായി ബന്ധപ്പെട്ട് പിണറായി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

ഡല്‍ഹിയില്‍ നിന്ന് പറന്നെത്തിയ ഉടനെ പാര്‍ട്ടി നേതാക്കളെ പോലും അത്ഭുതപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ തെറുപ്പിച്ച മുഖ്യമന്ത്രിയുടെ അടുത്ത നീക്കവും ഇതുപോലെ അപ്രതീക്ഷിതമാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Top