ഒറ്റ ദിവസം കൊണ്ട് വിജയകരമായ അഞ്ച് അവയവദാന ശസ്ത്രക്രികള്‍ നടത്തി കേരളത്തിലെ സ്വകാര്യ ആശുപത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ രംഗത്ത് വന്‍മുന്നേറ്റം നടത്തി സ്വകാര്യ ആശുപത്രി. മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ അവയവങ്ങള്‍ മറ്റ് മൂന്ന് രോഗികള്‍ക്കാണ് പുതു ജീവന്‍ നല്‍കിയത്. ഇതിനായി അഞ്ച് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തുകയായിരുന്നു. ഇതില്‍ നാല് അവയവങ്ങളുടെ സ്വീകര്‍ത്താക്കള്‍ ദാതാവിന്റെ അതേ ആശുപത്രിയില്‍ തന്നെ ഉള്ളവരായിരുന്നതിനാല്‍ ശസ്ത്രക്രിയകള്‍ തുടര്‍ച്ചയായും വിജയകരമായും നടത്താന്‍ കഴിഞ്ഞു. തക്കല സ്വദേശിയായ അനുരാഗിന്റെ അവയവങ്ങളാണ് ഇത്തരത്തില്‍ മൂന്ന് പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.

ആദ്യമായാണ് സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നൂറ് ആരോഗ്യപ്രവര്‍ത്തരുടെ സഹായത്തോടെ ഒരേ സമയം അഞ്ച് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയത്. ഏതാണ്ട് 24 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകള്‍ ഇന്നലെ വൈകീട്ടോടെയാണ് അവസാനിച്ചത്. ഇതില്‍ 26 വയസുള്ള സ്ത്രീക്കും 39 വയസുള്ള പുരുഷനുമാണ് ആദ്യത്തെ ശസ്ത്രക്രിയകള്‍ നടത്തിയത്. ദാതാവിന്റെ കരള്‍ രണ്ടായ പകുത്തതോടെ ഇതേ ആശുപത്രിയിലെ 49 വയസുള്ള മറ്റൊരു സ്ത്രീക്കും കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി. സ്വീകര്‍ത്താക്കളുടെയും ദാതാവിന്റെയും രക്തഗ്രൂപ്പുകള്‍ ഒന്നായിരുന്നത് ഏറെ സഹായകരമായി.

യുഎഇയിലേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെ അനുരാഗ് (25) ഡിസംബര്‍ 24 ന് ബൈക്കപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതല്‍ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം കിംസിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ചികിത്സയ്ക്കിടെ അനുരാഗിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. അനുരാഗിന്റെ കണ്ണുകള്‍ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലും ഹൃദയ വാല്‍വ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും നല്‍കി.

എന്നാല്‍ ഇതിനിടെ ദാതാവിന്റെ അവയവങ്ങള്‍ സ്വാകാര്യ ആശുപത്രിയിലെ രോഗികള്‍ക്ക് മാത്രമായി നല്‍കി എന്നത് വിവാദത്തിന് വഴിവച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മൃതസജ്ഞീവനി പദ്ധതി വഴി ദാതാവിന്റെ ഒരു അവയവമെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് നല്‍കണമെന്ന നിബന്ധ പാലിക്കപ്പെട്ടില്ലെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍, കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (K-SOTTO) തീരുമാനം ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ തകരാറിലായ രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി. ഇത് പ്രകാരം ദാതാവിന്റെ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന ഒരു രോഗിക്ക് കരളും വൃക്കയും മറ്റൊരു രോഗിക്ക് പാന്‍ക്രിയാസും വൃക്കലും ലഭിക്കുന്നതിന് വഴി തെളിയുകയായിരുന്നു.

Top