ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ശക്തമായ മിസൈല്‍ ആക്രമണം

ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ശക്തമായ മിസൈല്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ ഒരു പട്ടണത്തില്‍ 12 മിസൈലുകള്‍ പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലെബനന്‍ അതിര്‍ത്തിക്കടുത്തുള്ള ഇസ്രായേല്‍ പട്ടണമായ കിര്യത് ഷ്‌മോണയില്‍ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായി ഇസ്രായേലിന്റെ മെഡിക്കല്‍ സര്‍വീസ് അറിയിച്ചു.ഗസ്സയിലെ നമ്മുടെ ജനങ്ങള്‍ക്കെതിരായ അധിനിവേശ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി പട്ടണത്തിന് നേരെ ഒരു ഡസന്‍ റോക്കറ്റുകള്‍ പ്രയോഗിച്ചുതായി ഹമാസിന്റെ സായുധ വിഭാഗത്തിലെ ലെബനീസ് വിഭാഗം പറഞ്ഞു.

വെസ്റ്റ്ബാങ്കിലെ ഇസ്രയേല്‍ കുടിയേറ്റ മേഖലയില്‍ 3 കൗമാരക്കാരുള്‍പ്പെടെ 4 പലസ്തീന്‍കാരെ വെടിവച്ചു കൊലപ്പെടുത്തിയതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. വെസ്റ്റ്ബാങ്കില്‍ ഇതുവരെ 130 ലേറെ പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ഏഴിനാരംഭിച്ച സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ ഇതുവരെ 1400 പേരാണു കൊല്ലപ്പെട്ടത്.അതേസമയം ഗസ്സയിലെ യുദ്ധത്തില്‍ ഇതുവരെ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 9061 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 32,000 പേര്‍ക്കു പരുക്കേറ്റു.

ഗാസ സിറ്റിയെ വടക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, തെക്കു ദിശകളില്‍നിന്നു വളഞ്ഞാണ് ഇസ്രയേല്‍ സൈന്യം മുന്നേറുന്നത്. ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് അടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഹമാസ് പ്രവര്‍ത്തകര്‍ ഗാസ സിറ്റിയിലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്കു പുറമേ സാധാരണക്കാരുടെ വീടുകളില്‍ ഒളിച്ചുപാര്‍ത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

Top