തോറ്റാല്‍ ഞാനല്ലല്ലോ തോല്‍ക്കുക, പാര്‍ട്ടിയല്ലേ; വാഗ്ദാനങ്ങള്‍ പാലിച്ച വി.എസ് എന്ന ജനകീയനായ മുഖ്യമന്ത്രി

കൊച്ചി: വാഗ്ദാനങ്ങള്‍ പാലിച്ച മുഖ്യമന്ത്രിയായിട്ടാണ് വി.എസ് അറിയപ്പെടുന്നത്. 2006 മേയ് 18ന് വി.എസ്.അച്ചുതാനന്ദന്‍ 82-ാം വയസില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ്. തോല്‍ക്കുകയുമെന്ന പതിവ് അവസാനിച്ചത് 2006ലാണ്. കര്‍ക്കശക്കാരനായ പാര്‍ട്ടി നേതാവ് മുഖ്യമന്ത്രിയായപ്പോഴും നിലപാടുകളില്‍ മാറ്റമുണ്ടായില്ല.

സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന നിരവധി ക്ഷേമപദ്ധതികളാണ് വി.എസ് സര്‍ക്കാര്‍ നടപ്പാക്കിയത്. മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുപൊളിക്കാന്‍ കറുത്തപൂച്ചകളും ജെസിബിയും ഇറങ്ങിയപ്പോള്‍ നെറ്റിചുളിച്ചവരിലും വിമര്‍ശനം ഉന്നയിച്ചവരിലും എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. 92 അനധികൃത കെട്ടിടങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

ക്ഷേമ പെന്‍ഷനുകള്‍ 110 രൂപയില്‍ നിന്നും 400 രൂപയാക്കി ഉയര്‍ത്തിയും ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചും സാധാരണക്കാര്‍ക്ക് ആശ്വാസമേകി. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങിയവയിലും നിര്‍ണായക തീരുമാനം വി.എസ് മന്ത്രിസഭയുടേതായിരുന്നു.

പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനവും മലയാള മിഷന്റെ തുടക്കവും ഇക്കാലത്താണ്. കര്‍ഷകരെ സഹായിക്കാന്‍ നെല്ലിന്റെ സംഭരണവില ഏഴ് രൂപയില്‍ നിന്നും 14 രൂപയായി ഉയര്‍ത്തി. വികസന, വ്യവസായ രംഗത്തും വനം പരിസ്ഥിതി മേഖലകളിലും ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ വി.എസ് എന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞു.

വിവര സാങ്കേതിക വിദ്യയുടെ നവലോകം തുറന്നിട്ടും വി.എസ്.വിമര്‍ശകരുടെ വായടപ്പിച്ചു. ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കി. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടു തന്നെ പ്രതിപക്ഷ നേതാവിനെപ്പോലെ നിലപാട് എടുത്തതും വി.എസ് എന്ന മുഖ്യമന്ത്രിയെ കൂടുതല്‍ ജനകീയനാക്കി.

Top