തൃക്കാക്കരക്കു പിന്നാലെ മറ്റൊരു നീക്കം, ജോസ് കെ മാണിയെ ലക്ഷ്യമിട്ട് സതീശൻ

തുടര്‍ഭരണത്തിന്റെ മികവില്‍ സെഞ്ച്വറി തികയ്ക്കാമെന്ന ഇടതുമുന്നണിയുടെ മോഹം കൂടിയാണ് തൃക്കാക്കരയിൽ തകർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനക്ക് തന്നെയാണ് സി.പി.എമ്മും തയ്യാറെടുക്കുന്നത്. ഉമ തോമസിന്റെ തകര്‍പ്പന്‍ വിജയത്തിന്റെ സൂത്രധാരനായ വി.ഡി സതീശന്‍ ഇനി കേരളത്തിലെ കോണ്‍ഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത ക്യാപ്റ്റനാണ്. അദ്ദേഹത്തിന്റെ പുതിയ ദൗത്യം ജോസ്.കെ മാണി വിഭാഗം കേരള കോൺഗ്രസ്സിനെ യു.ഡി.എഫിൽ തിരികെ എത്തിക്കുക എന്നതാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പുകച്ച് പുറത്ത് ചാടിച്ച കേരള കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരാൻ ശക്തമായ ഇടപെടലുകളാണ് സതീശൻ തുടങ്ങിയിരിക്കുന്നത്. തൃക്കാക്കര റിസൾട്ടോടെ കേരള കോൺഗ്രസ്സിലും പുനർവിചിന്തനം ഉണ്ടാകുമെന്നതാണ് അദ്ദേഹത്തിന്റെ കണക്കു കൂട്ടൽ. മന്ത്രി റോഷി അഗസ്റ്റ്യനുമായും ജോസ് കെ മാണിയുമായും അടുപ്പമുള്ളവർ വഴിയാണ് ഇപ്പോഴത്തെ നീക്കം. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് ഇവരെ യു.ഡി.എഫിൽ എത്തിക്കുകയാണ് ലക്ഷ്യം. കേരള കോൺഗ്രസ്സ് ഇല്ലാതെ, കേരള ഭരണം നേടുക എന്നത് പ്രയാസമാണ് എന്നതാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ. സതീശന്റെ ഈ നീക്കത്തോട് ഇതു വരെ ജോസ് കെ മാണി പ്രതികരിച്ചിട്ടില്ല. ഇടതുപക്ഷത്തു തന്നെ ഉറച്ചു നിൽക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.

അതേസമയം തൃക്കാക്കര വിധിയെ കേരളത്തിന്റെ മൊത്തം പ്രതിഫലനമായി കാണാൻ കഴിയില്ലെന്നതാണ്‌ സി.പി.എം നിലപാട്. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും ലോകസഭ തിരഞ്ഞെടുപ്പിൽ കാണാമെന്നുമാണ് സി.പി.എം വെല്ലുവിളിക്കുന്നത്. ഉപതിര ഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് വിശദമായ പരിശോധന നടത്താനും സി.പി.എം തീരുമാനി ച്ചിട്ടുണ്ട്.

തൃക്കാക്കരയിൽ ചരിത്ര വിജയം നേടിയതോടെ കോൺഗ്രസ്സ് ഹൈക്കമാന്റിലും, വി.ഡി സതീശന് സ്വാധീനം വർദ്ധിച്ചിരിക്കുകയാണ്. കെ.സി വേണുഗോപാലിന്റെ പിന്തുണയോടെ രമേശ് ചെന്നിത്തലയില്‍ നിന്നും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത വി.ഡി സതീശനിപ്പോൾ കോണ്‍ഗ്രസില്‍ മറുവാക്കില്ലാത്ത നേതാവായാണ് മാറിയിരിക്കുന്നത്. കേരളത്തില്‍ ഭരണം പിടിക്കാന്‍ കഴിയാതെ ‘ഔട്ടായ’ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പകരം, കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിജയത്തിലേക്ക് നയിച്ച നേതാവെന്ന പ്രതിഛായയാണ് വി.ഡി സതീശന്റെ കരുത്ത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യവും ഇതോടെ മാറി മറിയും.കോണ്‍ഗ്രസ് പുനഃസംഘടനയില്‍, വി.ഡി സതീശനും കെ.സുധാകരനുമാണ് ഇനി കൂടുതല്‍ കരുത്തരാകുക. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന സന്ദേശം കൂടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഹൈക്കമാന്റിനും നല്‍കുന്നത്.

തുടര്‍ഭരണത്തിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ നേരിടാന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കം വി.ഡി സതീശന്റേതു മാത്രമായിരുന്നു. തൃക്കാക്കരയില്‍ കണ്ണുവെച്ച് ഡൊമനിക് പ്രസന്റേഷന്‍, ജയ്‌സണ്‍ ജോസഫ് അടക്കമുള്ളവരെ വെട്ടിമാറ്റി പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കിയതിനു പിന്നിലുള്ള ബുദ്ധികേന്ദ്രവും വി.ഡി സതീശനായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയപ്പോള്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് പൂർണ്ണമായും ഏറ്റെടുത്ത സതീശന്‍ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തമ്മിലടിക്ക് ഇടം കൊടുക്കാതെ ഇടതുപക്ഷത്തിനു മുമ്പ് തന്നെ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും വി.ഡി സതീശന്റെ തന്ത്രപരമായ നീക്കമായിരുന്നു. പി.ടിയുടെ പാതയിൽ സഞ്ചരിച്ച്, തൃക്കാക്കര നിലനിർത്താനാണ് സതീശൻ ശ്രമിച്ചിരുന്നത്. അതിനുള്ള ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന റെക്കോർഡ് ഭൂരിപക്ഷം. മുൻപ് ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ തോമസ് ഇപ്പോൾ മറികടന്നിരിക്കുന്നത്. തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടിങ്ങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ് ഈ വമ്പൻ വിജയമെന്നതും ശ്രദ്ധേയമാണ്.

യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ തൃക്കാക്കര പിടിക്കാൻ ജാതി, മത സമവാക്യങ്ങള്‍ അനുകൂല മാക്കിയുള്ള തന്ത്രമാണ് ഇടതുമുന്നണി പയറ്റിയിരുന്നത്. കത്തോലിക്കാ സഭാ നേതൃത്വത്തെ ഒപ്പം നിര്‍ത്താൻ കൂടിയാണ് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദന്‍ ജോ ജോസഫിനെ സ്ഥാനാര്‍ ത്ഥിയാക്കിയിരുന്നത്. ലിസി ആശുപത്രിയിൽ സ്ഥാനാർത്ഥി പ്രഖ്യാപന സമയത്തുണ്ടായ വൈദികന്റെ സാന്നിധ്യവും യഥാർത്ഥത്തിൽ ഇടതുപക്ഷത്തിനാണ് തിരിച്ചടി ഉണ്ടാക്കിയിരി ക്കുന്നത്. ഇത് ശരിക്കും ഉപയോഗപ്പെടുത്താൻ വി.ഡി സതീശനാണ് രംഗത്തിറങ്ങിയിരുന്നത്.

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ചുമതലകള്‍ നല്‍കി പഴുതടച്ച പ്രചരണമാണ് ഇടതുമുന്നണി നടത്തിയതെങ്കിലും അത് വോട്ടായി മാറിയില്ല എന്നതാണ് വസ്തുത. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയെ രംഗത്തിറക്കിയും മുന്‍ കേന്ദ്രമന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ ഇടതുപാളയത്തിലെത്തിച്ചും യു.ഡി.ഫ് വോട്ടുകള്‍ അനുകൂലമാക്കാനുള്ള രാഷ്ട്രീയ അടവുകളും ഇടതുപക്ഷം പയറ്റുകയുണ്ടായി.എന്നാൽ ഇതെല്ലാം പാളുകയാണ് ഉണ്ടായത്.

തൃക്കാക്കര കേന്ദ്രീകരിച്ച് യു.ഡി.എഫ് പ്രചരണത്തെ മുന്നില്‍ നിന്നും നയിച്ചത് വി.ഡി സതീശനാണ്. യു.ഡി.എഫ് എം.എല്‍.എമാര്‍ക്കും കെ.പി.സി.സി ഭാരവാഹികള്‍ക്കും വാര്‍ഡുകളുടെ ചുമതല നല്‍കിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനം. പാളിച്ചകള്‍ കണ്ടെത്തി അപ്പപ്പോള്‍ തിരുത്തുന്ന ഏകോപനവും സതീശന്റെ നേതൃത്വത്തിലായിരുന്നു നടന്നിരുന്നത്. ജില്ലാ കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ഇടപെടലും ”ഷാർപ്പായിരുന്നു”. കെ.വി തോമസ് ഇടതുപാളയത്തിലേക്ക് പോയത് കോണ്‍ഗ്രസിന് നേട്ടമാക്കാനും വി.ഡി സതീശന് കഴിഞ്ഞു.

ഇടതുപക്ഷത്തിന് മേല്‍ക്കോയ്മയുണ്ടായിരുന്ന പറവൂരില്‍ കെ.എം ദിനകരനെ 7,792വോട്ടിന് പരാജയപ്പെടുത്തി 2002ല്‍ നിയമസഭയിലെത്തിയ വി.ഡി സതീശന്‍, പിന്നീട് പരാജയമറിയാതെ അഞ്ചു തവണയാണ് പറവൂരിന്റെ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. വെള്ളാപ്പള്ളിയുടെ വോട്ട് വേണ്ടന്ന് തുറന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട വ്യക്തി കൂടിയാണ് അദ്ദേഹം. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രത്തില്‍ തുടര്‍ വിജയംനേടിയ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് വൈദഗ്ദ്യമാണ് സതീശന്‍ തൃക്കാക്കരയിലും പയറ്റിയിരിക്കുന്നത്. ട്വന്റി- ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒന്നിച്ചിട്ടും അവര്‍ തൃക്കാക്കരയില്‍ മത്സരിക്കാതിരു ന്നതും യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ്. അതല്ലങ്കിൽ, അവരും നാണംകെടുമായിരുന്നു. പി.ടി തോമസിന്റെ നിലപാടിന് വിരുദ്ധമായി സാബു ജേക്കബിനെ പിന്തുണച്ച് സംസാരിച്ച് ട്വന്റി- 20 വോട്ടുകള്‍ അനുകൂലമാക്കാനുള്ള ശ്രമവും സതീശൻ നടത്തുകയുണ്ടായി. കോൺഗ്രസ്സ് നേതാക്കളെ പോലും അത്ഭുതപ്പെടുത്തിയ നീക്കമായിരുന്നു ഇത്.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് വി.ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനം കൈപ്പിടിയിൽ ഒതുക്കിയിരുന്നത്. രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതില്‍ കടുത്ത എതിര്‍പ്പാണ് എ- ഐ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരുന്നത്. ഗ്രൂപ്പ് സമവാക്യംപോലും നേക്കാതെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ‘എ’ ഗ്രൂപ്പ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിന്തുണച്ചിരുന്നതും ചെന്നിത്തലയെ ആണ്. എന്നാല്‍, ‘എ’ ഗ്രൂപ്പിലെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായിരുന്ന ടി. സിദ്ദിഖും ഷാഫി പറമ്പിലും സതീശനെ പിന്തുണച്ചാണ് ഈ നീക്കത്തെ എതിർത്തിരുന്നത്.

എതിർപ്പുകളെ അവഗണിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ സതീശനെ വേണ്ടരീതിയില്‍ പിന്തുണക്കുന്നതില്‍ യു.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിം ലീഗിനും മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗവും വലിയ താൽപ്പര്യവും കാണിച്ചിരുന്നില്ല. ആര്‍.എസ്.പിയാവട്ടെ ഇടതുമുന്നണിയിലേക്ക് ചേക്കേറാനുള്ള വഴികളും തേടുകയാണുണ്ടായത്. തുടർന്ന് രമേശ് ചെന്നിത്തല സൂപ്പര്‍ പ്രതിപക്ഷ നേതാവ് ചമയാനുള്ള ശ്രമങ്ങൾ നടത്തിയതും ഈ കേരളം കണ്ടതാണ്. എന്നാൽ ഇതൊന്നും തന്നെ സതീശനു മുന്നിൽ ഏശിയിരുന്നില്ല. നിയമസഭയില്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിച്ച് പ്രതിപക്ഷനേതൃസ്ഥാനത്തും മികവ് തെളിയിക്കാൻ വി.ഡി സതീശനു വളരെ പെട്ടന്നാണ് കഴിഞ്ഞിരുന്നത്.

പുതിയ നേതൃത്വത്തിന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെയും ഡി.സി.സി പ്രസിഡന്റ്മാരെയും നിയമിക്കാന്‍ കഴിഞ്ഞെങ്കിലും പുനസഘട പൂര്‍ത്തീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.പി.സി.സി സെക്രട്ടറിമാര്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം തല പുനസംഘടന, തുടങ്ങിയവയെല്ലാം നിലവിൽ പ്രതിസന്ധിയിലായ അവസ്ഥയിലാണ് ഉള്ളത്. ഈ അവസ്ഥമാറ്റാൻ സുധാകരനും സതീശനും തൃക്കാക്കര വിജയം സഹായകരമാകും. പുനസംഘടനയിലും മേധാവിത്വം നേടുന്നതോടെ പാർട്ടി തന്നെ ഈ വിഭാഗത്തിൻ്റെ കൈപ്പിടിയിൽ ഒതുങ്ങും. അതിനു തന്നെയാണ് സാധ്യത. തൃക്കാക്കരയില്‍ പരാജയപ്പെട്ടാല്‍ ലീഗിന്റെ മുന്നണിമാറ്റം ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിരുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ഇനി ആശ്വസിക്കാം. ആര്‍.എസ്.പി ഉൾപ്പെടെയുള്ള മറ്റു ഘടക കക്ഷികളെ ഒപ്പം നിര്‍ത്താനും തൃക്കാക്കര വിജയം കോൺഗ്രസ്സിനെ സഹായിക്കും.

തൃക്കാക്കരയിലെ പരാജയം 99 എം.എല്‍.എമാരുടെ പിന്തുണയുള്ള പിണറായി സര്‍ക്കാരിന് ഭീഷണിയല്ലെങ്കിലും രാഷ്ട്രീയ നീക്കത്തിലെ പാളിച്ച തിരിച്ചടി തന്നെയാണ്. കോണ്‍ഗ്രസിലെ എടുക്കാച്ചരക്കായ കെ.വി തോമസിനെ ഇടതുപാളയത്തിലെത്തിച്ചത് പരമ്പരാഗത ഇടതുവോട്ടര്‍മാരില്‍ പോലും എതിര്‍പ്പുണ്ടാക്കിയെന്നാണ് തെരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നത്. കെ.റെയിൽ വിവാദവും ഇടതുപക്ഷത്തിനു തിരിച്ചടിയായി. ജാതി- മത സമവാക്യം തേടിപ്പോകാതെ രാഷ്ട്രീയ മത്സരത്തിന് മുതിര്‍ന്നിരുന്നെങ്കില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കുമായിരുന്നു. ഇതെല്ലാം ഇടതുപക്ഷ പാർട്ടികൾ പ്രത്യേകിച്ച് സി.പി.എം ഗൗരവമായി പരിശോധിച്ചില്ലങ്കിൽ, അത് ഇടതുപക്ഷ രാഷ്ട്രിയത്തിനു തന്നെ ഭാവിയിൽ വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത.

EXPRESS KERALA VIEW

Top