പ്രസവം കഴിഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് പോലീസുകാരനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: പതിനൊന്നുദിവസം മുന്‍പ് പ്രസവം കഴിഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് പോലീസുകാരനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കര്‍ണാടകയിലെ ചാമരാജനഗറില്‍ പോലീസ് കോണ്‍സ്റ്റബിളായ ഡി.കിഷോര്‍ ആണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊല്ലുന്നതിന് മുന്‍പേ വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സതേടുകയായിരുന്നു. കോലാറിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

വിവാഹത്തിന് പിന്നാലെ കിഷോറിന് ഭാര്യയെ സംശയമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയുടെ ഫോണ്‍കോളുകളും മെസേജുകളും ഇയാള്‍ പതിവായി പരിശോധിച്ചിരുന്നു. മെസേജ് അയച്ചത് ആര്‍ക്കാണ്, എന്താണ് പരിചയം, എന്താണ് സംസാരിച്ചത് തുടങ്ങിയ ചോദ്യങ്ങളും പതിവായിരുന്നു. കോളേജിലെ സഹപാഠികളായിരുന്ന യുവാക്കളുമായി ഭാര്യയ്ക്ക് അടുത്തബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതേച്ചൊല്ലി വഴക്കിടുന്നതും പതിവായിരുന്നു.അടുത്തിടെയാണ് പ്രസവത്തിനായി പ്രതിഭ ഹൊസ്‌കോട്ടിലെ സ്വന്തം വീട്ടിലെത്തിയത്. 11 ദിവസം മുന്‍പ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞും പിറന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന പ്രതിഭയെ ഭര്‍ത്താവ് ഞായറാഴ്ച ഫോണില്‍വിളിച്ച് വഴക്കുപറഞ്ഞതായാണ് വിവരം. പ്രതിഭയുടെ കരച്ചില്‍ കണ്ട് അമ്മ കാര്യംതിരക്കിയപ്പോളാണ് ഇക്കാര്യമറിഞ്ഞത്. തുടര്‍ന്ന് അമ്മ ഫോണ്‍ വാങ്ങി കിഷോറിന്റെ കോള്‍ കട്ടാക്കി. ഇനി കിഷോര്‍ വിളിച്ചാല്‍ ഫോണെടുക്കരുതെന്നും നിര്‍ദേശിച്ചു. കരച്ചിലും വിഷമവും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കുമെന്ന് പറഞ്ഞാണ് അമ്മ ഫോണെടുക്കുന്നത് വിലക്കിയത്.

തിങ്കളാഴ്ച രാവിലെ പ്രതിഭയുടെ ഹൊസ്‌കോട്ടിലെ വീട്ടില്‍വെച്ചാണ് ദാരുണമായ സംഭവമുണ്ടായത്. 11 ദിവസം മുന്‍പാണ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ഹൊസ്‌കോട്ടിലെ വീട്ടില്‍ പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതിയെ സംശയത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. ജോലിസ്ഥലത്തുനിന്ന് 230 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചെത്തിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.ചാമരാജനഗര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ കോലാര്‍ സ്വദേശി കിഷോറും ബി.ടെക്ക് ബിരുദധാരിയായ പ്രതിഭയും കഴിഞ്ഞവര്‍ഷം നവംബര്‍ 13-നാണ് വിവാഹിതരായത്. ഇവരുടെ ഒന്നാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അരുംകൊല.

 

Top