കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ കൊളച്ചേരി പറമ്പില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊളച്ചേരിപ്പറമ്പിലെ ദിനേശന്റെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായി. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന വിറക് കൊള്ളി ഉപയോഗിച്ച് ദിനേശന്‍ സജീവന്റെ ശരീരമാസകലം അടിച്ചു. തലക്കേറ്റ ശക്തമായ അടിയാണ് മരണ കാരണമെന്നാണ് നിഗമനം. ദിനേശനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

മദ്യ ലഹരിയില്‍ ചെയ്തതാണെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തില്‍ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രെയിഡ് എസ് ഐ ആയ ദിനേശന്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ കാലമായി അവധിയിലാണ്.

Top