വിഴിഞ്ഞത്തെ കലാപ കേന്ദ്രമാക്കാൻ ആസൂത്രിത ശ്രമം, ‘കൈവിട്ടാൽ’ തീരം കത്തും

ന്തിന്റെ പേരിലായാലും വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. സമാധാനത്തിനു വേണ്ടി പ്രവർത്തിക്കേണ്ട വൈദികർ തന്നെ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സാഹചര്യം ഞെട്ടിക്കുന്നതാണ്. നാട്ടിൽ ക്രമസമാധാനം തകർന്നാൽ പിന്നെ സംഭവിക്കുന്ന കാര്യങ്ങൾ തടഞ്ഞ് നിർത്താൻ ആർക്കും സാധിച്ചെന്നു വരില്ല. കോടതിയുടെയും സർക്കാറിന്റെയും നിർദ്ദേശങ്ങളാണ് വിഴിഞ്ഞത്ത് പൊലീസ് നടപ്പാക്കുന്നത്. അതല്ലാതെ അവർക്ക് മാത്രമായി മറ്റൊരു താൽപര്യവുമില്ല. സമരക്കാരിൽ നിന്നും നിരന്തരം പ്രകോപനമുണ്ടായിട്ടും ഏതെങ്കിലും തരത്തിലുള്ള കടുത്ത നടപടി ഇതുവരെ പൊലീസ് സ്വീകരിച്ചിട്ടില്ല. ആ പൊലീസിനെയാണ് സ്റ്റേഷനിൽ കയറി സമരക്കാർ ഇപ്പോൾ ആക്രമിച്ചിരിക്കുന്നത്.

പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന ഭീഷണിക്ക് ശേഷമാണ് ഈ ആക്രമണമെന്നത് ഏറെ ഗൗരവമുള്ള കാര്യം തന്നെയാണ്. വിഴിഞ്ഞം സമരസമിതി നടത്തിയ സംഘർഷത്തിൽ 35 പൊലീസുകാർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ ഒരാളുടെ പരിക്ക്‌ ഏറെ ഗുരുതരമാണ്. സ്‌റ്റേഷൻ വളപ്പിലുണ്ടായിരുന്ന അഞ്ചു ജീപ്പുകളും രണ്ട്‌ പൊലീസ്‌ ബസും 20 ബൈക്കുകളും തകർക്കപ്പെട്ടിട്ടുണ്ട്. സ്‌റ്റേഷനിലെ കംപ്യൂട്ടറുകളും വയർലെസ്‌ സെറ്റ്‌ ഉൾപ്പെടെയുള്ള ഉപകരണങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ് ഉള്ളത്. അക്രമ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആംബുലൻസുകൾ അക്രമികൾ തടഞ്ഞിട്ടതിനാൽ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക്‌ മാറ്റാൻ പോലും ഏറെ വൈകുകയുണ്ടായി.

മുൻപു നടന്ന ആക്രമണത്തിൽ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയക്കാനാവശ്യപ്പെട്ടാണ് വൈദികരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ പൊലീസ്‌ സ്‌റ്റേഷൻ വളഞ്ഞിരുന്നത്. ഗ്രിൽ തകർത്ത് അകത്തു കയറിയ സമരക്കാർ തീവ്രവാദികളെ പോലെയാണ് പെരുമാറിയിരിക്കുന്നത്. ഒടുവിൽ കണ്ണീർ വാതകമുൾപ്പെടെ പ്രയോഗിച്ചാണ് പൊലീസ് അക്രമികളെ തുരത്തിയിരിക്കുന്നത്. ഇപ്പോഴുള്ളത് താൽക്കാലിക ശാന്തത മാത്രമാണ്. ഏത് നിമിഷവും വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടാം എന്നതാണ് നിലവിലെ അവസ്ഥ.

സമരത്തിൽ നുഴഞ്ഞു കയറിയവരാണ് കുഴപ്പം ഉണ്ടാക്കിയതെന്ന സമരസമിതിയുടെ വാദവും ഈ ഘട്ടത്തിൽ വിശ്വസിക്കാൻ സാധിക്കുന്നതല്ല. പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന പ്രഖ്യാപനത്തിനു ശേഷമാണ് ഈ ആക്രമണം നടന്നിരിക്കുന്നത് എന്നത് തന്നെ വിഴിഞ്ഞം സമരസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ‘തുറമുഖം… വേണ്ട” എന്നു പറയുന്നവരെ പോലെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരും ധാരാളമുള്ള പ്രദേശമാണ് വിഴിഞ്ഞം. ഇതിൽ തുറമുഖത്തിനായി സമരംചെയ്യുന്ന ജനകീയ സമരസമിതിയുടെ പന്തൽ നവംബർ 25ന് അടിച്ചുതകർത്തതോടെയാണ്‌ സംഘർഷവും പൊട്ടിപ്പുറപ്പെട്ടിരുന്നത്.

vizhinjam

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി 22ന്‌ ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചാണ് പാറയുമായെത്തിയ ലോറികൾ തടഞ്ഞത്. ഇതേ തുടർന്നാണ് തുറമുഖനിർമാണം തടഞ്ഞ്‌ സംഘർഷമുണ്ടാക്കിയതിന്‌ 50 വൈദികർക്കും കണ്ടാലറിയാവുന്ന 1000 പേർക്കുമെതിരെ വിഴിഞ്ഞം പൊലീസ്‌ കേസെടുത്തിരുന്നത്. ഇതാകട്ടെ സ്വാഭാവിക നടപടിയുമാണ്. അന്യായമായി സംഘം ചേരൽ ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചേർത്ത്‌ അഞ്ചു കേസാണ് സമരസമിതി നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പൊലീസുകാരനെ കല്ലെറിഞ്ഞ്‌ പരിക്കേൽപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രകോപിതരായാണ് അക്രമികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരിക്കുന്നത്.

തങ്ങളുടെ അല്ലാത്ത മറ്റ് മതവിഭാഗങ്ങളെ ആക്രമിക്കുക എന്ന നികൃഷ്ടമായ രീതിയും വിഴിഞ്ഞത്ത് ദുര്യമാകുന്നുണ്ട്. ഇതൊന്നും തന്നെ കേരളം പോലെയൊരു സംസ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ മതേതര കേരളത്തിന് ബാധ്യതയുണ്ട്. അതു കൊണ്ടു തന്നെ സമരത്തിന് വർഗ്ഗീയ നിറം നൽകാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അടിച്ചമർത്തുക തന്നെ വേണം.

Vizhinjam

അതുപോലെ തന്നെ കേരള പൊലീസിനെ ആക്രമിക്കുന്നവർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. കേരള പൊലീസ് ചിത്രത്തിൽ നിന്നും മാറിയാൽ പിന്നെ ഇവിടെ ഇറങ്ങാൻ പോകുന്നത് കേന്ദ്ര സേനയായിരിക്കും. അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കുന്നതാണ് വിഴിഞ്ഞം സമരസമിതിക്കും നല്ലത്. സർക്കാറുമായി വീണ്ടും ചർച്ച ചെയ്ത് ആശങ്കകൾക്ക് രമ്യമായ പരിഹാരമാണ് തേടേണ്ടത്. അതാണ് നാടും ആഗ്രഹിക്കുന്നത്. അതല്ലാതെ വെല്ലുവിളികളും ആക്രമണവുമായി മുന്നോട്ട് പോയാൽ ശക്തമായ തിരിച്ചടിയാണ് ലഭിക്കുക. അതും… ഓർത്തു കൊള്ളണം.

EXPRESS KERALA VIEW

Top