തിരുവനന്തപുരം: ദിലീപ് ചിത്രം ‘ബാന്ദ്ര’ സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്ജുന്, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അജിത് വിനായക ഫിലിംസാണ് ഹര്‍ജി സമീപിച്ചത്. കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് നിര്‍മ്മാണ കമ്പനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപിക്കുന്നത്.
അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു അരുണ്‍ ഗോപി സംവിധായകനായ ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകിയായി തമന്നയും ചിത്രത്തിലുണ്ട്. കുടുംബബന്ധങ്ങളുടെ വൈകാരികതയും പരാമര്‍ശിക്കുന്ന ചിത്രമാണെങ്കിലും ആക്ഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. തിയറ്ററില്‍ പ്രതീക്ഷിച്ച വിജയമുണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.


