തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമന നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമന കൊളിജിയത്തില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സുപ്രീം കോടതി വിധി മറികടന്നുള്ള നിയമ നിര്‍മ്മാണം ഭരണഘടനാ താല്‍പര്യത്തെയും സുതാര്യ ജനാധിപത്യ പ്രക്രിയയെയും അട്ടിമറിക്കുന്നതാണെന്നാണ് ഹര്‍ജിക്കാരായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ വാദം.

നിയമം സ്‌റ്റേ ചെയ്യണമെന്ന അടിയന്തര ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലവും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നിയമന നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജുഡീഷ്യല്‍ അംഗം കൊളിജിയത്തില്‍ അംഗമായാലേ കമ്മീഷന്‍ സ്വതന്ത്രമാകൂ എന്നില്ലെന്നും ഉന്നത ഭരണഘടനാ പദവിയിലുള്ളവര്‍ സുതാര്യമായി പ്രവര്‍ത്തിക്കുമെന്ന് കരുതണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം.

Top