‘സ്ത്രീകളുടെ സ്വത്തവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തി’; മേരി റോയിയെ കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ സ്വത്തവകാശത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയാണ് മേരി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു വിദ്യാഭ്യാസ- വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ മേരി റോയിയുടെ മരണം. 89 വയസായിരുന്നു. 1916ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയത് മേരി റോയ്‌യുടെ പോരാട്ടമായിരുന്നു.

കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയുമാണ്. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുദ്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

 

Top