വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാറൊഴിച്ച സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: കൊച്ചി ചെലവന്നൂരിൽ വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഐപിസി 308, 326 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നടന്ന സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

സംഭവത്തിൽ 8 പേരെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.കൃഷ്ണപ്പനാണ് ടാർ ഒഴിച്ചതെന്നാണ് സൂചന. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു. കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് പരുക്കേറ്റവരുടെ പരാതി.

അതേ സമയം വാഹനയാത്രക്കാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപണ വിധേയർ പൊലീസിനോട് പറഞ്ഞു. വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ കൃഷ്ണപ്പന്റെ കൈയിലുണ്ടായിരുന്ന ടാർ യാത്രക്കാരുടെ ദേഹത്ത് വീഴുകയായിരുന്നുവെന്നും അത് മനപൂർവമല്ലെന്നും പ്രതികൾ പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു.

വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് ടാർ ഒഴിച്ചത്. മുന്നറിയിപ്പ് ബോർഡ്‌ വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരൻ ടാർ ഒഴിച്ചതെന്ന് യുവാക്കൾ പറഞ്ഞു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top