നെയ്യഭിഷേകത്തിന് കൂടുതല്‍ സമയം അനുവദിക്കും; എ പത്മകുമാര്‍

പത്തനംതിട്ട: പമ്പയില്‍ പുനര്‍നിര്‍മ്മാണം നടന്നത് യുദ്ധകാലാടിസ്ഥാനത്തിലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ബേസ് ക്യാംപായ നിലയ്ക്കലില്‍ വിരി വയ്ക്കാന്‍ ഉള്‍പ്പെടെ സൗകര്യമൊരുക്കിയിട്ടുണ്ട്. പമ്പയില്‍ 1000 പേര്‍ക്ക് കൂടി വിരി വയ്ക്കാന്‍ സൗകര്യമൊരുക്കും. നെയ്യഭിഷേകത്തിന് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നു. നെയ്യഭിഷേകത്തിനുള്ള സമയം കൂട്ടിയിട്ടുണ്ട്. പുലര്‍ച്ചെ 3.15 മുതല്‍ 12.30വരെ നെയ്യഭിഷേകം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രവേശന വിധിയ്ക്ക് സാവകാശം തേടി ബോര്‍ഡ് നാളെ ഹര്‍ജി നല്‍കും. 60,000 ലിറ്റര്‍ കുടിവെള്ളം സന്നിധാനത്ത് എത്തിയ്ക്കാന്‍ ധാരണയായി. പകല്‍ നിയന്ത്രണമുണ്ടാകില്ല. 3 മണിയ്ക്ക് മുന്‍പ് സന്നിധാനത്ത് ഭക്തര്‍ക്ക് എത്താനുള്ള സംവിധാനമൊരുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ നിലനില്‍ക്കുന്ന പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം പത്മകുമാര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായി ചര്‍ച്ച നടത്തി. എം.വി ജയരാജനും ഡിജിപിയ്‌ക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.

കനത്ത നിയന്ത്രണങ്ങളാണ് പോലീസ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. പകല്‍ സമയത്തും ഭക്തര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. അതേസമയം, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയില്‍ എത്തും.

Top