ചെങ്കടലില്‍ നോര്‍വീജിയന്‍ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടു

ടെല്‍ അവീവ്: ചെങ്കടലില്‍ നോര്‍വീജിയന്‍ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടു. നോര്‍വേ ആസ്ഥാനമായുള്ള ഇന്‍വെന്റര്‍ കെമിക്കല്‍സ് ടാങ്കേഴ്സിന്റെ ഉടമസ്ഥതയിലുള്ള എം.വി. സ്വാന്‍ അറ്റ്ലാന്റിക് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് യു.എസ്. ആരോപിച്ചു.

ആക്രമണവാര്‍ത്ത കപ്പലിന്റെ ഉടമസ്ഥര്‍ സ്ഥിരീകരിച്ചു. കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും ഇന്‍വെന്റര്‍ കെമിക്കല്‍സ് ടാങ്കേഴ്സ് അറിയിച്ചു. കപ്പലിലെ വെള്ളത്തിന്റെ ടാങ്കിന് തകരാറ് പറ്റിയെന്നും കപ്പലിന്റെ മറ്റെല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍വെന്റര്‍ കെമിക്കല്‍സ് ടാങ്കേഴ്സ് ചീഫ് എക്സിക്യുട്ടീവ് ഓസ്റ്റിന്‍ എല്‍ഗന്‍ പറഞ്ഞു.ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിനോടുള്ള പ്രതിഷേധമായാണ് ഹൂതികള്‍ ചെങ്കടലിലെത്തുന്ന കപ്പലുകള്‍ ആക്രമിക്കുന്നത്. ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ മാത്രമാണ് തങ്ങള്‍ ആക്രമിക്കുക എന്ന് ഹൂതികള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എം.വി. സ്വാന്‍ അറ്റ്ലാന്റിക് എന്ന കപ്പലിന് ഇസ്രയേലുമായി ബന്ധമില്ലെന്ന് ഇന്‍വെന്റര്‍ കെമിക്കല്‍സ് ടാങ്കേഴ്സ് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ പ്രദേശത്തുനിന്നാണ് ആക്രമണം ഉണ്ടായതെന്നാണ് യു.എസ്. അധികൃതര്‍ ആരോപിക്കുന്നത്. കപ്പല്‍ ആക്രമിക്കപ്പെട്ടതായുള്ള അപായ സന്ദേശം ലഭിച്ചതോടെ സമീപമുണ്ടായിരുന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ സഹായത്തിനായി എം.വി. സ്വാന്‍ അറ്റ്ലാന്റിക്കിന് സമീപമെത്തി.ഹൂതികളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിങ് കമ്പനിയായ എം.എസ്.സി. ഉള്‍പ്പെടെയുള്ള കമ്പനികള്‍ ചെങ്കടല്‍ വഴിയുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിയിരുന്നു. കപ്പലുകള്‍ക്കെതിരായ ആക്രമണം തുടരുമെന്നാണ് ഹൂതികള്‍ അറിയിച്ചത്.

Top