കേന്ദ്രസര്‍ക്കാരിനെതിരെ എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. എല്ലാ എംപിമാരോടും പാര്‍ലമെന്ററി ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കോണ്‍ഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം.

അതേസമയം വിഷയത്തില്‍ റൂള്‍ 176 അനുസരിച്ച് ഹ്രസ്വ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തില്‍ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ച മണിപ്പൂരില്‍ കനത്ത ജാഗ്രത തുടരുകയാണ് . മെയ്‌ത്തൈയ് വിഭാഗക്കാരുടെ പലായനം ഉള്ള മിസോറാമിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ചിരുന്നു. സ്ത്രീകളെ നഗ്‌നരാക്കി റോഡില്‍ കൂടി നടത്തിയ സംഭവത്തെ അപലപിച്ചാണ് മോദി പ്രതികരിച്ചത്. പുറത്ത് വരുന്ന ദൃശ്യങ്ങള്‍ വേദനാജനകമാണ് , മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം പൊറുക്കാനാവില്ല.പരിഷ്‌കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് നടന്നത്.കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു

Top