എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരന്‍ നടന്നുപോയ്; കലാശം കൂട്ടതല്ലില്‍

പാലക്കാട്: തൃത്താല കുമരനെല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരന്‍ നടന്നുപോയതാണ് കൂട്ടതല്ലില്‍ കലാശിച്ചത്. പ്രശ്നത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ കൂടി ഇടപെട്ടതോടെ സംഭവം വഷളായി.

എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരന്‍ നടന്നുപോയത് ചോദ്യംചെയ്തതിലുള്ള തര്‍ക്കമാണ് സ്‌കൂളിന് പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. സ്‌കൂളിലുണ്ടായ വാക്കുതര്‍ക്കം വൈകിട്ടോടെ സ്‌കൂളിന് പുറത്ത് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. കൂട്ടത്തല്ലിനിടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. സമീപത്തെ കടയില്‍നിന്ന് ബക്കറ്റ് എടുത്തും വിദ്യാര്‍ഥികള്‍ അടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ തൃത്താല പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളായതിനാല്‍ സംഭവത്തില്‍ ആര്‍ക്കെതിരേയും നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം, സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നല്‍കുമെന്നും പോലീസ് പറഞ്ഞു.

Top