എംഡിഎംഎ കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി പിടിയിൽ

തിരുവനന്തപുരം: കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. നൈജീരിയന്‍ വംശജനായ ഒക്കാഫോര്‍ എസേ ഇമ്മാനുവലിനെ പാലാരിവട്ടം പൊലീസ് ബംഗ്ലൂരുവിൽ നിന്നാണ് പിടികൂടിയത്. ആറ് മാസത്തിനിടെ നാലരക്കിലോ എംഡിഎംഎ ആണ് ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് കടത്തിയതെന്ന് പൊലീസ് പറയുന്നു.

ഇന്‍ഫോപാര്‍ക്ക് പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നുള്ള പാലാരിവട്ടം പൊലീസിന്റെ അന്വേഷണമാണ് ഒക്കാഫോര്‍ എസേയിലേക്ക് എത്തിയത്. 102 ഗ്രാം എംഡിഎഎയുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാളെ പാലാരിവട്ടം പൊലീസ് കലൂരില്‍ നിന്ന് കഴിഞ്ഞമാസം പിടികൂടിയിരുന്നു. ഹാറൂന്റെ കൂട്ടാളികളായ അലിന്‍ ജോസഫ്, നിജു പീറ്റര്‍, അലന്‍ ടോണി എന്നിവര്‍ പിന്നീട് പിടിയിലായി. ഇവരില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നും ബംഗലൂരുവില്‍ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി അയക്കുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി വര്‍ഗീസ് ജോസഫ് ഫെര്‍ണാണ്ടസിലേക്കെത്തി. വര്‍ഗീസ് ജോസഫില്‍ നിന്നാണ് ലഹരികടത്തിലെ പ്രധാന കണ്ണിയായ നീഗ്രോ വംശജനെക്കുറിച്ച് വിവരം ലഭിച്ചത്.

കഴിഞ്ഞ ആറ് മാസത്തിനിടെ കേരളത്തിലേക്ക് നാലര കിലോയോളം എംഡിഎംഎ പ്രതികള്‍ എത്തിച്ചിട്ടുണ്ടെന്നും കര്‍ണാടകയില്‍ മയക്കുമരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പാലാരിവട്ടം ഇന്‍സ്പെക്ടര്‍ സനല്‍ എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങി വില്‍പന നടത്തിയവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Top