മലയാളത്തിന് പുതിയ ഒരു സൂപ്പർതാരം കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്ന് !

ചാതുര്‍വര്‍ണ്യത്തിന്റെയും നങ്ങേലിയുടെയും അടിമത്തത്തിന്റെയും എല്ലാം കഥ പറയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. മാറിടത്തിനും മീശയ്ക്കും വരെ ‘കരം’ കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ചെറുത്ത് നില്‍പ്പും പുതിയ തലമുറയെയും ആഴത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്. അതു തന്നെയാണ് ഈ സിനിമയുടെ വിജയവും.ആറാട്ടുപുഴ വേലായുധപ്പണിക്കരെയും നങ്ങേലിയേയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ചിത്രം എന്ന നിലയില്‍ ഈ സിനിമയ്ക്ക് വലിയ ചരിത്ര പ്രാധാന്യമാണുള്ളത്.

എല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങള്‍ ഗംഭീരമാക്കിയെങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരെ അനശ്വരമാക്കിയ സിജു ഒറ്റയടിക്കാണ് സൂപ്പര്‍ ഹീറോ പദവിയിലേക്ക് ഉയര്‍ന്നിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചരിത്രം സൃഷ്ടിക്കുന്ന പുതിയ കാലത്ത് സിജുവിന് മുന്നില്‍ വലിയ സാധ്യതകളാണ് തുറന്നു കിടക്കുന്നത്. മറ്റു യുവ സൂപ്പര്‍ താരങ്ങളെ പോലെ സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്ന ബാല്യമായിരുന്നില്ല സിജുവിന്റെത്. പാവപ്പെട്ട ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു, ഈ താരത്തിന്റെ ജനനം.  സി.പി.എമ്മിന്റെ തൊഴിലാളി വിഭാഗമായ സി.ഐ.ടി.യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സിജുവിന്റെ അച്ചന്‍. പിതാവിന്റെ ചുവപ്പ് രാഷ്ട്രീയം തന്നെയാണ് സിജുവും പിന്തുടരുന്നത്.

സ്വന്തമായി ഒരു ടിവി ഇല്ലാതിരുന്നതിനാല്‍ അടുത്തവീട്ടില്‍ പോയി ടിവി കണ്ടതിനെ കുറിച്ചും അവിടെ നിന്ന് തന്നെ ഇറക്കിവിട്ടതിനെ കുറിച്ചും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിജു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതൊക്കെ തുറന്നു പറയാന്‍ ഇപ്പോഴും അദ്ദേഹത്തിന് ഇമേജ് ഒരു പ്രശ്‌നവുമല്ല. ആരുടെ മുന്നിലും തലകുനിച്ച് ശീലമില്ലാത്ത കമ്യൂണിസ്റ്റിന്റെ മകന്‍ അവസരത്തിനായി ആരുടെയും കാലു പിടിക്കാന്‍ പോയിട്ടില്ല. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് വൈകിയെങ്കിലും സിജുവിനെ തേടി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

സിജു പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അച്ഛന്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടിരുന്നത്. പിന്നീട് അമ്മയുടേയും സഹോദരിയുടേയും സംരക്ഷണത്തിലായിരുന്നു ജീവിതം. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ഒരു ഫാമിലി ഫ്രണ്ടിന്റെ വീട് പണിയുടെ സൂപ്പര്‍ വൈസറായി ആയിരുന്നു ആദ്യ ജോലി. അന്ന് 1500 രൂപയായിരുന്നു ഒരു മാസത്തെ സിജുവിന്റെ ശമ്പളം. പിന്നീട് യുവാക്കള്‍ പൊതുവെ മുഖം തിരിക്കുന്ന ബി.എസ്.സി നഴ്‌സിങ് പഠനത്തോടായി താല്‍പ്പര്യം. അതിനായി ബാംഗ്ലൂരായിരുന്നു തിരഞ്ഞെടുത്തിരുന്നത്. അപ്പോഴും സിജുവിന്റെ ഉള്ളില്‍ സിനിമാ മോഹം ഉണ്ടായിരുന്നു. ആഗ്രഹം മൂത്തപ്പോള്‍ സുഹൃത്തായ  അല്‍ഫോണ്‍സ് പുത്രനോടാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് അല്‍ഫോണ്‍സിന്റെ നിര്‍ദേശപ്രകാരമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ ഓഡീഷനിലേക്ക് സിജു ഫോട്ടോ അയച്ചിരുന്നത്. അല്‍ഫോണ്‍സ് തന്നെ എടുത്ത ഫോട്ടോ ആയിരുന്നു അത്. ഓഡീഷനില്‍ പങ്കെടുത്ത 6000 പേരില്‍ നിന്ന് 120 പേരെ ലിസ്റ്റാക്കി അവര്‍ ചുരുക്കി. പിന്നീട് 20 പേരെയാണ് തിരഞ്ഞെടുത്തിരുന്നത്. ഭാഗ്യത്തിന് ആ 20 പേരില്‍ സിജുവും ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസന്‍ ആവശ്യപ്പെട്ട പ്രകാരം, ആ സിനിമയില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിന്റെ വേഷമാണ് സിജു ചെയ്തിരുന്നത്. ഇതിനു ശേഷമാണ് പ്രേമം സിനിമ വന്നിരുന്നത്. നിവിന്‍ പോളിയുടെ മാത്രമല്ല സിജുവിന്റെ ലൈഫിലും ബ്രേക്ക് തന്ന മൂവിയായിരുന്നു പ്രേമം. സിനിമ ഇത്രത്തോളം ഹിറ്റാവുമെന്ന് അവരാരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

പ്രേമം സിനിമ കാരണമാണ് ”ഹാപ്പി വെഡ്ഡിങ്ങ് ” എന്ന സിനിമയിലെ നായകനായി ഒമര്‍ ലുലു സിജുവിനെ സെലക്ട് ചെയ്തിരുന്നത്. സിജുവിന്റെ ജീവിതത്തിലെ ആദ്യത്തെ സോളോ ഹീറോ പെര്‍ഫോമന്‍സായിരുന്നു ആ സിനിമ. സാമ്പത്തികമായും ഹാപ്പി വെഡ്ഡിങ്ങ് വന്‍ വിജയമായിരുന്നു. ഇതിനു ശേഷം നായകന്‍ എന്ന രൂപത്തില്‍ തിളങ്ങാന്‍ പറ്റിയ വേഷങ്ങള്‍ കാര്യമായി സിജുവിന് ലഭിച്ചിരുന്നില്ല. അര്‍ഹതയുണ്ടായിട്ടും പല സിനിമകളില്‍ നിന്നും തഴയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. ആ അവഗണനയ്ക്കുള്ള ചുട്ട മറുപടി കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ വേലായുധപ്പണിക്കരിലൂടെ സിജു വില്‍സണ്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതിന് അദ്ദേഹത്തിന് അവസരം നല്‍കിയതാകട്ടെ കമ്യൂണിസ്റ്റുകാരനായ ഒരു സംവിധായകനാണ് എന്നതും തികച്ചും യാദൃശ്ചികമാണ്.


EXPRESS KERALA VIEW

Top