പുതിയ തലമുറ സിഗരറ്റുകള്‍ പല്ലുകള്‍ കറപിടിപ്പിക്കില്ലെന്ന് പഠനം

വാഷിംഗ്ടണ്‍: പരമ്പരാഗത സിഗരറ്റുകളെക്കാള്‍ ഇ-സിഗരറ്റും പുകയില എരിച്ച് ഉപയോഗിക്കുന്ന മറ്റ് സംവിധാനങ്ങളും ഉണ്ടാക്കുന്ന കറ വളരെ കുറവാണെന്ന് പഠനം. ബ്രിട്ടീഷ് – അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഓരോ തരത്തിലുള്ള സിഗരറ്റുകള്‍ എത്ര അളവിലാണ് പല്ലില്‍ കറകളുണ്ടാക്കുന്നത് എന്നതായിരുന്നു ഗവേഷണ വിഷയം. അമേരിക്കന്‍ മാസികയായ ഡെന്റിസ്ട്രിയിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തിയത്.

പുതിയ തലമുറ സിഗരറ്റുകളില്‍ ജ്വലനം ഉണ്ടാകുന്നില്ല. അതു കൊണ്ടു തന്നെ പുകയും മറ്റും കുറവായിരിക്കും. കറപിടിക്കുന്നതിന്റെ അളവ് കുറയാന്‍ കാരണവും അതാണെന്ന് ഗവേഷകര്‍ പറയുന്നു. പഴയ തലമുറ സിഗരറ്റുകളുടെയത്ര അപകടകാരികളല്ല ഇവയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പല്ലിന്റെ ഇനാമലില്‍ അടിഞ്ഞു കൂടിയ കറയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു പഠനം. പുകവലിക്കുന്ന ആളുടെ പല്ലില്‍ കറ അഞ്ച് ദിവസം കൊണ്ട് കൃത്യമായി അറിയാന്‍ സാധിക്കുന്നു.

രണ്ട് തരം സിഗരറ്റുകളും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കറയുടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാണ് നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

Top