ബ്രിട്ടനില്‍ പന്നിപ്പനി വൈറസിന്റെ പുതിയ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ പന്നിപ്പനി വൈറസിന്റെ പുതിയ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു. പന്നിപ്പനിയുണ്ടാക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസിന്റെ വകഭേദമായ എ(എച്ച്1എന്‍2)വി എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന് പനി ലക്ഷണങ്ങളുണ്ടായിരുന്നെന്നും അതേസമയം പൂര്‍ണമായും രോഗമുക്തി നേടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രിട്ടനിലെ ദേശീയ പകര്‍ച്ചപ്പനി നിരീക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പതിവ് പരിശോധനയിലാണ് പന്നിപ്പനിക്ക് സമാനമായ വൈറസ് ബാധ കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസ്. എന്നാല്‍, രോഗബാധിതന്‍ പന്നികളുമായി അടുത്തിടപഴകിയിട്ടില്ല. രോഗബാധിതനുമായി അടുത്ത സമ്പര്‍ക്കമുണ്ടായ വ്യക്തികളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി.

സാഹചര്യങ്ങള്‍ നിരന്തരമായി വിശകലനം ചെയ്യുകയാണെന്നും രോഗബാധ സ്ഥിരീകരിച്ച നോര്‍ത്ത് യോര്‍ക്ഷെയര്‍ മേഖലയില്‍ ആശുപത്രികളിലുള്‍പ്പെടെ മുന്‍കരുതല്‍ സ്വീകരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ലോകത്താകമാനം കഴിഞ്ഞ 20 വര്‍ഷത്തിനിടെ 50ഓളം എ(എച്ച്1എന്‍2)വി വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ യു.എസില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.പന്നിപ്പനിക്ക് കാരണമാകുന്ന ടൈപ്പ് എ ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ സാധാരണയായി പന്നികളില്‍ മാത്രമാണ് കാണപ്പെടാറ്. അപൂര്‍വ്വമായി പന്നികളില്‍നിന്നും മനുഷ്യരിലേക്ക് പകരാറുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്കും രോഗാവസ്ഥ ഉണ്ടാകാറില്ല.

Top