മലയോര,തീരദേശ ഹൈവേ നിര്‍മിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : മലയോര, തീരദേശ മേഖലകളില്‍ ഹൈവേ നിര്‍മിക്കാന്‍ പുതിയ പദ്ധതി ഒരുക്കുകയാണ് സര്‍ക്കാര്‍.

കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയിലൂടെ പ്രവാസി മലയാളികളില്‍നിന്ന് 10,000 കോടി രൂപ സമാഹരിച്ച് ഹൈവേ നിര്‍മ്മിക്കാനാണ് പുതിയ പദ്ധതി.

ഒരുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേരെയെങ്കിലും ചിട്ടിയുടെ വരിക്കാരാക്കുകയാണു ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം 30നു കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

തിരിച്ചെത്തുന്ന പ്രവാസികളുടെ സംരംഭങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കിയും സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനു പ്രവാസികളില്‍നിന്നു പണം ശേഖരിച്ചുമുള്ള ദ്വിമുഖ പദ്ധതിയാണു ലക്ഷ്യമിടുന്നതെന്നും ചിട്ടിയില്‍ പ്രതിമാസ ഗഡുക്കളായി ലഭിക്കുന്ന തുക വികസന പദ്ധതികള്‍ക്കായുള്ള ബോണ്ടുകളായി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയില്‍ ചേരുന്നവരുടെ പ്രതിമാസ ഗഡു കിഫ്ബിയുടെ എന്‍ആര്‍കെ ബോണ്ടുകളില്‍ കെഎസ്എഫ്ഇയുടെ പേരില്‍ നിക്ഷേപിക്കും.

ചിട്ടിയിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാരിന്റെയും കെഎസ്എഫ്ഇയുടെയും ഗാരന്റിയുണ്ടാകും.

കൈവശമുള്ള അധിക പണം കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിനാല്‍ നിക്ഷേപകന് ആപല്‍സാധ്യതയില്ലെന്നും അതോടൊപ്പം അവര്‍ സംസ്ഥാനത്തിന്റെ സുപ്രധാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിത്തീരുകയാണെന്നും നോര്‍ക്ക അറിയിച്ചു.

നോര്‍ക്കയുടെ നേതൃത്വത്തില്‍ ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ലോക മലയാള സഭയില്‍ എന്‍ആര്‍കെ ബോണ്ട് ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്കു സഹായം തേടുമെന്നു നോര്‍ക്ക റൂട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ പറഞ്ഞു.

ഗള്‍ഫ്, യൂറോപ്പ്, ദക്ഷിണേഷ്യ, തെക്കു കിഴക്കനേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള 170 പ്രവാസിസംഘടനാപ്രതിനിധികള്‍ ലോകമലയാള സഭയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top