ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു

ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്ററെത്തി. ആകാംക്ഷയും ആവേശവും കൂട്ടുന്നതാണ് പുതിയ പോസ്റ്റര്‍. ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പുതിയ പോസ്റ്റര്‍ ലിജോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ പോസ്റ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എന്തോ എവിടെയോ ഒരുങ്ങുന്നുണ്ട്, ഒരു ലിജോ സംഭവം.. വാലിബന്‍ വരാര്‍, മലയാളത്തില്‍ വന്ന ഏറ്റവും മാസീവ് പോസ്റ്റര്‍ എന്ന് തന്നെ പറയാന്‍ തോന്നുന്നു… ഞെട്ടിച്ചു കളഞ്ഞു, എന്നിങ്ങനെയാണ് കമന്റ് ബോക്‌സിലെ ആഘോഷങ്ങള്‍. 50 മിനിറ്റിനുള്ളില്‍ 110ലധികം ഷെയറുകളാണ് ഉണ്ടായിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. രാജസ്ഥാന്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂണ്‍ രണ്ടാം വാരം ആണ് അവസാനിച്ചത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 25ന് സിനിമ തിയേറ്ററുകളില്‍ എത്തും.

Top