പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ന്യൂന മര്‍ദ്ദം അടുത്ത 2-3 ദിവസത്തിനുള്ളില്‍ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ വടക്കന്‍ ഒഡിഷ – വടക്കന്‍ ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ 10 മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മണ്‍സൂണ്‍ പാത്തി ഇന്ന് തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത. 20-ാം തീയ്യതി വരെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം പ്രവചിച്ചിട്ടുണ്ട്.

Top