കൊറോണയില്‍ കേസ് 3; ഇന്ത്യക്കാര്‍ക്ക് പുതിയ യാത്രാനിര്‍ദ്ദേശം, ജാഗ്രതയോടെ രാജ്യം

ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണാവൈറസ് ഇതുവരെ മൂന്ന് ഇന്ത്യക്കാരെയാണ് ബാധിച്ചിരിക്കുന്നത്. ഈ മൂന്ന് കേസുകളും കേരളത്തിലാണ്. ഞായറാഴ്ച വരെ പുതിയ കൊറോണാവൈറസ് ബാധിച്ച് മരിച്ചവരുടെ പട്ടികയിലേക്ക് 56 പേര്‍ കൂടി എത്തിച്ചേര്‍ന്നതോടെ ആകെ മരിച്ചവരുടെ എണ്ണം 361 ആയെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

വൈറസ് ഏറ്റവും അധികം ബാധിച്ച ഹുബെയ് പ്രവിശ്യയില്‍ ഞായറാഴ്ച 2100ലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മധ്യ ചൈനീസ് പ്രവിശ്യയില്‍ ആകെ കേസുകള്‍ 16,600ലേറെയായി. ദേശീയ തലത്തില്‍ പുതിയ 2800ലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ ആകെ എണ്ണം ചുരുങ്ങിയത് 17205 കേസുകളായി.

ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്കോംഗ്, ജപ്പാന്‍, റഷ്യ, സ്‌പെയിന്‍, തായ്‌ലാന്‍ഡ്, യുഎസ് എന്നിവിടങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മൂന്നാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ആരോഗ്യ, ആഭ്യന്തര, വ്യോമയാന, വനിതാ ശിശുക്ഷേമ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് തയ്യാറായിട്ടുണ്ട്. 198 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 195 എണ്ണവും നെഗറ്റീവായിരുന്നു. ചൈനയിലേക്ക് യാത്ര ചെയ്ത നൂറോളം പേര്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അയല്‍രാജ്യത്ത് നിന്നും മടങ്ങിയെത്തുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് യാത്രക്കാര്‍ക്കുള്ള ഇവിസ സംവിധാനം ഇന്ത്യ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ഘട്ടങ്ങളായി വുഹാനില്‍ നിന്നും 650 പേരെയാണ് ഇന്ത്യ തിരികെ നാട്ടിലെത്തിച്ചത്.

Top