അവസരവാദികളുടെ രാജാവിന് പുതിയ നിയോഗം , പാഠം പഠിക്കാതെ ബീഹാര്‍ ജനത

പട്‌ന: ഇന്ത്യന്‍ രാഷ്രീയത്തില്‍ തന്നെ കരണം മറിച്ചിലുകളുടെ രാജാവാണ് നിതീഷ് കുമാര്‍. ഒന്‍പതു തവണയാണ് നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ വളരെ ലാഘവത്തോടെയാണ് അദ്ദേഹം മുന്നണികള്‍ മാറിമാറി അധികാരമുറപ്പിക്കുന്നത്. നിതീഷിനെ ഇത്തവണ വീണ്ടും മുന്നണിയിലേക്കെടുക്കുന്നതിനെതിരെ എന്‍ഡിഎയില്‍ മുറുമുറുപ്പുകളുണ്ട്.

ബിഹാര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷമാണ് നിതീഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വക്കുന്നത്. ഏത് സാഹചര്യത്തിലും അധികാര കസേര കൈവിടാതെ കാക്കുന്ന നിതീഷിന്റെ പൊളിറ്റക്കല്‍ എഞ്ചിനീയറിംഗ് ദേശീയ രാഷ്ട്രീയത്തില്‍തന്നെ വേറിട്ട കാഴ്ചയാണ്. 1974 ല്‍ സോഷ്യലിസ്റ്റ് ആചാര്യനായ ജയപ്രകാശ് നാരായണില്‍നിന്നും രാഷ്ട്രീയം തുടങ്ങിയ നിതീഷ് കുമാര്‍ 1985ലാണ് ആദ്യമായി എംഎല്‍എയായത്. 1989ല്‍ എംപിയായി, 1996 ല്‍ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. കേന്ദ്ര റെയില്‍വേമന്ത്രിയായും കൃഷിമന്ത്രിയായും വാജ്‌പേയി സര്‍ക്കാറില്‍ നിതീഷ് കുമാര്‍ ഭാഗമായി. ലാലു പ്രസാദിന്റെ വീഴ്ചയ്ക്ക് പിന്നാലെ രണ്ടായിരത്തിലാണ് നിതീഷ് ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.

പക്ഷേ ഏഴ് ദിവസം കൊണ്ട് രാജിവച്ച് വീണ്ടും കേന്ദ്ര കൃഷി മന്ത്രിയായി, അടുത്ത വര്‍ഷം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി. 2004 ല്‍ നിതീഷ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2 മണ്ഡലത്തില്‍നിന്നും മത്സരിച്ചു ഒന്നില്‍ ജയിച്ചു. 2005 ല്‍ ബിജെപിയുമായിചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായി. ശേഷം ഇതുവരെ മുഖ്യമന്ത്രി കസേരയില്‍നിന്നും നിതീഷ് പിടി വിട്ടിട്ടില്ല. 2010ല്‍ തെരഞ്ഞെടുപ്പ് ജയിച്ച് വീണ്ടും മുഖ്യമന്ത്രി. 2013ല്‍ ലോക്‌സഭാ തരെഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ കോണ്‍ഗ്രസ് വീഴുമെന്നുറപ്പായപ്പോള്‍ മൂന്നാം മുന്നണിയുണ്ടാക്കി പ്രധാനമന്ത്രി പദത്തിലേക്ക് ഒരു കൈ നോക്കിയ നിതീഷ് പക്ഷേ കാല്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതറിഞ്ഞില്ല. രണ്ട് സീറ്റിലേക്ക് ബിഹാറില്‍ ജെഡിയു തകര്‍ന്നടിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനവും രാജിവച്ചു, ജിതിന് റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. പക്ഷേ 2015ല്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രി കസേര നേടിയെടുത്തു.

എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം എന്‍ഡിഎയില്‍ ചേര്‍ന്ന് വീണ്ടും സര്‍ക്കാറുണ്ടാക്കി. 2019 ലെ എന്‍ഡിഎയ്‌ക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിലല്‍ മത്സരിച്ചു. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം മത്സരിച്ച നിതീഷ് പക്ഷെ തെരഞ്ഞെടുപ്പിന് ശേഷം ആര്‍ജെഡിക്കൊപ്പം സര്‍ക്കാറുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. 2022 ല് മോദിയെ പരസ്യമായി വിമര്‍ശിച്ചാണ് നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് മഹാ സഖ്യത്തിന്റെ ഭാഗമാകുന്നത്. ആര്‍ജെഡി പിന്തുണയോടെ മുഖ്യമന്ത്രിയായി രണ്ടും വര്‍ഷം പൂര്‍ത്തിയാകും മുന്‍പേ വീണ്ടും എന്‍ ഡിഎ പാളയത്തിലേക്ക് മടങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില് മോദി വിജയമുറപ്പിച്ചെന്ന പ്രചാരണം മുറുകുന്നതിനിടെ കൂടിയാണ്.

അതേസമയം ഇത്തവണ മടങ്ങുമ്പോള്‍ എന്ഡിഎയിലെ സാഹചര്യം വ്യത്യസ്തമാണ്. നിതീഷ് കുമാറിനെ മടുത്ത് സഖ്യമുപേക്ഷിച്ച ഹിന്ദുസ്ഥാന് അവാം മോര്‍ച്ച നേതാവ് ജിതിന് റാം മാഞ്ചിയുടെ പ്രതിഷേധം ഒരു വശത്ത്, ബിജെപി സംസ്ഥാന ഘടകത്തിലും ദേശീയ നേതൃത്ത്വത്തിലും നിതീഷിനോട് മുറുമുറുപ്പുള്ളവര്‍ ഏറെയുണ്ട്. നിതീഷിന്റെ രാഷ്ട്രീയം ഇതോടെ അവസാനിച്ചെന്നാണ് ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷടക്കം പറഞ്ഞു വക്കുന്നത്.

Top