A.N Shamzir-cpm-candidate-thalasserry

കണ്ണൂര്‍ : രക്തസാക്ഷികളാല്‍ സമ്പന്നമായ നാട്ടില്‍ എതിരാളികള്‍ എത്തുംമുന്‍പേ വിജയമുറപ്പിച്ച് യുവ നേതാവ്.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീറാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടുയരും മുന്‍പ് സി.പി.എം അണികള്‍ക്ക് ആവേശമാകുന്നത്.

ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കാനിരിക്കുകയാണെങ്കിലും തലശ്ശേരിയില്‍ കോടിയേരിയുടെ പിന്‍ഗാമിയായി നിയോഗിക്കപ്പെട്ട ഈ ചെറുപ്പക്കാരനെ വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടത് മുന്നണി പ്രവര്‍ത്തകര്‍.

എസ്.എഫ്.ഐ യിലൂടെ വിദ്യാര്‍ത്ഥി ജീവിതം തുടങ്ങിയ ഷംസീര്‍ ഈ ചെറിയ പ്രായത്തിനിടയില്‍ നിരവധി കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

വിദ്യാര്‍ത്ഥി സമരം നയിച്ച് പോലീസിന്റെ അടിയേല്‍ക്കുക മാത്രമല്ല രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ചരിത്രവുമുണ്ട്. ഈ യുവനേതാവിന്. തലശ്ശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ഭാരവാഹി, സര്‍വ്വകലാശാല യൂണിയന്‍ സാരഥി, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച് കഴിവ് തെളിയിച്ച ഷംസീറിനെ സംസ്ഥാനത്തെ ഏറ്റവും വലിയ യുവജന സംഘടനയുടെ അദ്ധ്യക്ഷപദം ഏല്‍പ്പിക്കാന്‍ സി.പി.എം നേതൃത്വത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ നേടിയ 26,509 വോട്ടിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ ഷംസീറിന്റെ മുന്നിലുള്ള ലക്ഷ്യം. അത് നിഷ്പ്രയാസം കഴിയുമെന്ന ആത്മവിശ്വാസവും ഈ പോരാളിക്കുണ്ട്.

കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖംകൂടിയാണ് സിപിഎമ്മിനെ സംബന്ധിച്ച് ഷംസീര്‍.

അപരന്‍ ചതിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ലോക്‌സഭയിലിരിക്കേണ്ട നേതാവ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഷംസീര്‍ ടി.പി.ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ കാലാവസ്ഥയിലും സി.പി.എമ്മി ന്റെ അഭിമാനം കാത്തിരുന്നു. ഇവിടെ അപരന്‍ പിടിച്ച വോട്ടാണ് അദ്ദേഹത്തെ ചതിച്ചത്. അല്ലെങ്കില്‍ ഫലം മുല്ലപ്പള്ളിക്ക് തിരിച്ചടിയാവുമായിരുന്നു.

തലശ്ശേരിയില്‍ ഷംസീറിന്റെ എതിരാളികളെ യു.ഡി.എഫും ബി.ജെ.പി യും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് കൂട്ടരും ഒന്നിച്ചെതിര്‍ത്താല്‍ പോലും തകര്‍പ്പന്‍ വിജയം കരസ്ഥമാക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. പ്രവര്‍ത്തകര്‍.

ഡി.വൈ.എഫ്.ഐയാവട്ടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ സ്ഥാനാര്‍ത്ഥിയായതില്‍ പുതുമയാര്‍ന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അണിയറയില്‍ രൂപം നല്‍കുന്നത്. പ്രമുഖ ചലച്ചിത്ര താരങ്ങള്‍ അടക്കം ഷംസീറിന്റെ സൗഹൃദവലയത്തിലുള്ളതിനാല്‍ മണ്ഡലം ഇളക്കിമറിക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡി.വൈ.എഫ്.ഐ ലക്ഷ്യമിടുന്നത്.

Top