A.N Shamseer-M Swaraj-kerala-assembly-election

തിരുവനന്തപുരം: സംഘടിത യുവജന പ്രസ്ഥാനത്തിന്റെ സാരഥികള്‍ക്ക് ഇത് അഭിമാന പോരാട്ടം.

തലശ്ശേരിയുടെ ചുവന്ന മണ്ണിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതോടൊപ്പം അവസരവാദ രാഷ്ട്രീയത്തിന് വന്‍ പ്രഹരമേല്‍പ്പിക്കുക എന്ന ദൗത്യം കൂടിയുണ്ട് തലശ്ശേരിയില്‍ മത്സരിക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീറിന്.

തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി എം സ്വരാജിന് മന്ത്രി കെ ബാബുവിന്റെ ‘കുത്തക മണ്ഡലം’ പിടിച്ചെടുത്ത് അഴിമതിക്കെതിരായ പോരാട്ടത്തിന് പുതിയ ദിശാബോധം നല്‍കുക എന്ന ലക്ഷ്യമാണുള്ളത്.

സമരമുഖങ്ങളിലെ മുന്‍നിര പോരാളികളായ ഈ രണ്ട് യുവജന നേതാക്കളിലും സിപിഎം നേതൃത്വത്തിനുള്ള ആത്മവിശ്വാസമാണ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വം.

എസ്എഫ്‌ഐ മുന്‍സംസ്ഥാന പ്രസിഡന്റ് കൂടിയായ എ പി അബ്ദുള്ളക്കുട്ടിയാണ് ഷംസീറിനെ നേരിടാന്‍ യുഡിഎഫ് ടിക്കറ്റില്‍ എതിരാളിയായി എത്തുന്നത്.

പഴയ സഹപ്രവര്‍ത്തകരുടെ പോരാട്ടത്തിന് വീറും വാശിയും കൂടുതലാണ്.

മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കുന്നതിനായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ സിപിഎം നിയോഗിച്ച അബ്ദുള്ളക്കുട്ടിയെ അത്ഭുതക്കുട്ടിയാക്കുന്നതില്‍ അണിയറയില്‍ ചരട് വലിച്ചവരില്‍ പ്രധാനിയാണ് ഷംസീര്‍.

എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഘടിച്ച് കണ്ണൂരിലെത്തിയപ്പോള്‍ അവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ചുമതല വിഭജിച്ച് നല്‍കി യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതില്‍ ഷംസീര്‍ അടക്കമുള്ള എസ്എഫ്‌ഐ നേതാക്കള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

പിന്നീട് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ‘അതിപ്രസരത്തില്‍’ മതി മറന്ന അബ്ദുള്ളക്കുട്ടി സിപിഎം വിട്ട് കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പാളയത്തിലെത്തുകയും കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിക്കുന്ന കാഴ്ചയുമാണ് കണ്ടത്.

നിരവധി ആരോപണങ്ങളില്‍പ്പെട്ട് മുഖം നഷ്ടപ്പെട്ട അബ്ദുള്ളക്കുട്ടിയുടെ അവസരവാദ രാഷ്ട്രീയത്തിനും ജീര്‍ണ്ണതക്കുമെതിരെയുള്ള ജനങ്ങളുടെ പ്രതികരണം തലശ്ശേരിയിലെ വിധിയെഴുത്തില്‍ പ്രകടമാവുമെന്ന ആത്മവിശ്വാസത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

മണ്ഡലം ഇളക്കിമറിച്ച ഷംസീറിന്റെ പര്യടനത്തില്‍ കാണുന്ന ജനക്കൂട്ടമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം.

എന്നും കമ്മ്യൂണിസ്റ്റ് പാരമ്പര്യം ഉയര്‍ത്തിപിടിച്ച രക്തസാക്ഷികളുടെ നാട്ടില്‍ നിന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎമ്മിനെ സംബന്ധിച്ച് ഇവിടെ സ്വപ്‌നം പോലും കാണാന്‍ പറ്റില്ല.

സാധാരണക്കാരില്‍ ഒരുവനായി ജനങ്ങളോട് ഇടപെടുന്ന ഷംസീറിന്റെ ലാളിത്യം തന്നെയാണ് മണ്ഡലത്തിലെ ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

കഴിഞ്ഞ തവണ കോടിയേരി ബാലകൃഷ്ണന്‍ നേടിയ 26,509 വോട്ടിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഷംസീറിന്റെ പ്രവര്‍ത്തനം. എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വിവിധ സ്‌ക്വാഡുകളും യുവനേതാവിനായി സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കാല്‍ നൂറ്റാണ്ട് മുന്‍പ് വരെ ചുവന്ന കോട്ടയായിരുന്ന തൃപ്പൂണിത്തുറയെ സ്വന്തം മണ്ഡലമാക്കി മാറ്റിയ കെ ബാബുവിനെ നിലം പരിശാക്കി മണ്ഡലം ചുവപ്പിക്കുക എന്ന ദൗത്യവുമായി രംഗത്തിറങ്ങിയ സ്വരാജ് പ്രചരണത്തില്‍ എതിരാളിയേക്കാള്‍ ഇപ്പോള്‍ ബഹുദൂരം മുന്നിലാണ്.

ഷംസീറിനെ പോലെ തന്നെ സമരമുഖങ്ങളിലെ പൊരുതുന്ന യൗവ്വനമാണ് സ്വരാജ്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്തതിന്റെ പേരില്‍ ചിലരുടെ കണ്ണിലെ കരടാണെങ്കിലും അതൊന്നും സ്വരാജിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഘടകമേയല്ല.

ഇടതുപക്ഷം ഏറ്റവുമധികം സര്‍ക്കാരിനെതിരെ ഉന്നയിച്ച ബാര്‍കോഴയിലെ പ്രധാന ‘വില്ലനെ’തിരായ സമരത്തിനിറങ്ങി അടിവാങ്ങിയ സ്വരാജ് തിരിച്ച് ജനവിധിയിലുടെ ബാബുവിനെയും യുഡിഎഫിനെയും തിരിച്ചടിക്കാനാണ് ഉന്നമിടുന്നത്.

‘ഓപ്പറേഷന്‍ തൃപ്പൂണിത്തുറ’ റിസ്‌കിയാണെങ്കിലും ഏത് വെല്ലുവിളിയും ഏറ്റെടുത്ത് മുന്നോട്ട് പോയ ചരിത്രമുള്ളതിനാല്‍ അവിടെ ഇത്തവണ വിജയക്കൊടി നാട്ടുക തന്നെ ചെയ്യുമെന്ന സ്വരാജിന്റെ ആത്മവിശ്വാസത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ പോലും നിസാരമായി കാണുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

വളരെ കടുപ്പമേറിയ മത്സരമാണ് സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ നടക്കുന്നത്. അനായാസ വിജയം ലക്ഷ്യമിട്ട ബാബുവിനെ പ്രതിരോധത്തിലാക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണം തന്നെയാണ്.കെപിസിസി പ്രസിഡന്റ് അഴിമതിയുടെ പേരില്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട നേതാവിനെ തന്നെ ജനപ്രതിനിധിയായി വേണോ എന്നതാണ് ഇടതിന്റെ പ്രധാന ചോദ്യം. സ്വന്തം പാര്‍ട്ടി പ്രസിഡന്റിന് പോലും ബോധ്യപ്പെടാത്ത ന്യായീകരണം ബാബു തൃപ്പൂണിത്തുറയിലെ ജനങ്ങളുടെ മുന്നില്‍ നിരത്തുന്നതിന്റെ യുക്തിയും ഇടതുപക്ഷ പ്രവര്‍ത്തകര്‍ മണ്ഡലത്തിലുടനീളം ചോദ്യം ചെയ്യുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ സ്വരാജ് മുന്‍പ് സിപിഎം സമ്മേളനവേദിയില്‍ നടത്തിയതായി പറയപ്പെടുന്ന പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തി പ്രതിരോധിക്കാനുള്ള യുഡിഎഫ് നീക്കം വിഎസിനെ തന്നെ രംഗത്തിറക്കിയാണ് സിപിഎം പൊളിച്ചടക്കിയത്. സ്വരാജുമായി തനിക്കൊരു പ്രശ്‌നവുമില്ലെന്നും എല്ലാം ശത്രുക്കളുടെ നുണപ്രചാരണമാണെന്നുമായിരുന്നു വിഎസിന്റെ പ്രതികരണം.സ്വരാജിനായി മണ്ഡലത്തില്‍ പ്രചരണത്തിനും വിഎസ് എത്തുന്നുണ്ട്.

Top