കമ്യൂണിസ്റ്റുകളെ പിഴുതെറിയാന്‍ അമിത് ഷാ നൂറ് ജന്മം ജനിക്കേണ്ടിവരുമെന്ന് ഷംസീര്‍ . .

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ തുറന്നടിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എം.എല്‍.എ രംഗത്ത്.

കമ്യൂണിസ്റ്റുകളെ വേരോടെ കേരളത്തില്‍ നിന്നും പിഴുതെറിയണമെന്ന അമിത് ഷായുടെ ആഹ്വാനത്തോടാണ് രൂക്ഷമായി ഷംസീര്‍ പ്രതികരിച്ചത്.

സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പോലും നിയമിക്കാന്‍ പറ്റാത്ത അമിത് ഷാ കമ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയാന്‍ നടക്കുന്നത് വലിയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു.

അമിത് ഷായുടെ വീരവാദം ഉത്തരേന്ത്യയില്‍ നടക്കും, ഇത് കേരളമാണ് ഇവിടെ കാവി സ്വപ്നം നടക്കില്ല, അതിന് അമിത് ഷാ നൂറ് ജന്മം ജനിക്കേണ്ടി വരും.

WhatsApp Image 2018-07-03 at 10.29.22 PM

ഏറ്റവും ഒടുവില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും കേരളം അത് തെളിയിച്ചതാണ്. ആര്‍.എസ്.എസ് – ബി.ജെ.പി പടയും കേന്ദ്ര മന്ത്രിമാരുടെ സംഘവും ത്രിപുര മുഖ്യമന്ത്രിയെയും വരെ ചെങ്ങന്നൂരില്‍ ഇറക്കിയിട്ടും ദയനീയ പരാജയമാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്.

2019-ലും 2021-ലും കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതും ഇതിനു സമാനമായ ജനവിധി തന്നെയാണ്.

കേരളത്തിലെ മതനിരപേക്ഷത തകര്‍ക്കാന്‍ അമിത് ഷാ എന്നല്ല ആര് വിചാരിച്ചാലും നടക്കില്ല. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണാണിത്. ഇവിടെ വിഷവിത്ത് മുളക്കില്ല.

മൈക്കിന് കയ്യും കാലും ഇല്ലാത്തതിനാല്‍ അമിത് ഷാക്ക് എന്തും പ്രസംഗിക്കാം, അതിനപ്പുറം ഗൗരവമായി ഈ പ്രസ്താവനയെ താന്‍ കാണുന്നില്ലെന്നും ഷംസീര്‍ പറഞ്ഞു.

WhatsApp Image 2018-07-03 at 10.29.20 PM

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിയണമെന്നു അമിത് ഷാ പറഞ്ഞതാണ് ഷംസീറിനെ ചൊടിപ്പിച്ചത്. ‘ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് എങ്കിലേ സമാധാനമാകൂ’ എന്നും അമിത് ഷാ പറഞ്ഞിരുന്നു. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി. കേരളത്തില്‍ അസാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ പിന്തുണയുള്ള ക്രൂരതയാണ്. ഇതിനു മുഖ്യമന്ത്രി മറുപടി പറയണം. ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തോടെ ബിജെപി പ്രതികരിച്ചത് ജനാധിപത്യ മാര്‍ഗത്തിലാണ്. കേരളത്തില്‍ ജാഥ നടത്തിയതും ഡല്‍ഹിയില്‍ പ്രകടനം നടത്തിയതുമൊക്കെ ജനാധിപത്യ രീതിയില്‍ തന്നെയാണെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. ഈ പ്രതികരണത്തിനാണ് ഷംസീര്‍ മാസ് മറുപടി നല്‍കിയിരിക്കുന്നത്.

Top