മൂന്ന് വയസുള്ള സ്വന്തം മകനെ കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച അമ്മ അറസ്റ്റില്‍

ഫ്‌ലോറിഡ: അമേരിക്കയില്‍ ഫ്‌ലോറിഡയില്‍ മൂന്ന് വയസുള്ള സ്വന്തം മകനെ ഒരാഴ്ചയ്ക്കകം കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച യുവതി അറസ്റ്റില്‍. 18 വയസുകാരിയായ ജാസ്മിന്‍ പേസ് എന്ന യുവതിയാണ് അറസ്റ്റിലായത്. കൊലപാതകത്തിനുള്ള ഗൂഡാലോചന, വിവരവിനിമയ ഉപകരണങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

വാടക കൊലയാളികളെ ലഭ്യമാക്കുന്നതിനെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വെബ്‌സൈറ്റ് വഴിയാണ് ഇവര്‍ മകനെ കൊല്ലാന്‍ കൊലയാളിയെ അന്വേഷിച്ചത്. മൂന്ന് വയസുകാരനെ ഒരാഴ്ചയ്ക്കകം കൊല്ലണമെന്നായിരുന്നു ആവശ്യം. കുട്ടിയുടെ ഫോട്ടോകളും മറ്റ് വിശദ വിവരങ്ങളുമെല്ലാം ഇവര്‍ വെബ്‌സൈറ്റില്‍ നല്‍കി. എന്നാല്‍ വാടക കൊലയാളികളെ നല്‍കാമെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന വെബ്‌സൈറ്റ് വ്യാജമായിരുന്നു. ഇതിന്റെ ഉടമ വിവരം പൊലീസിന് കൈമാറി.

കൊലയാളികളെ അന്വേഷിച്ച് തനിക്ക് ദിവസവും നിരവധി അന്വേഷണങ്ങള്‍ ലഭിക്കാറുണ്ടെന്നും അവയില്‍ മിക്കതും തമാശയായിരിക്കുമെന്നുമാണ് വെബ്സൈറ്റ് ഉടമ റോബര്‍ട്ട് ഇന്‍സ് പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെ കൊല്ലണമെന്ന ഈ ആവശ്യം സത്യമാണെന്ന് തോന്നി. വിലാസവും വിവരങ്ങളും അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ തന്നെയാണ് താമസിക്കുന്നതെന്നും കൊല്ലണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാണെന്നും മനസിലാക്കി. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വാടക കൊലയാളികളെ അന്വേഷിക്കുന്നവരെ കണ്ടെത്തി കുടുക്കാനായാണ് താന്‍ ഇത്തരമൊരു വെബ്‌സൈറ്റ് തുടങ്ങിയതെന്നും റോബര്‍ട്ട് പറഞ്ഞു.

വിവരം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വാടക കൊലയാളിയെന്ന വ്യാജേന യുവതിയുമായി സംസാരിച്ചു. ഇവര്‍ 3000 ഡോളറാണ് കൊലപാതകത്തിന് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് കംപ്യൂട്ടറിന്റെ ഐ.പി അഡ്രസും മറ്റ് വിവരങ്ങളും പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊല്ലാന്‍ ആവശ്യപ്പെടുന്നതെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ ഒരു ബന്ധുവുമായും പൊലീസ് സംസാരിച്ചു. തൊട്ടുപിന്നാലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. കുട്ടി സുരക്ഷിതനാണെന്നും കുടുംബാംഗങ്ങളുടെ സംരക്ഷണയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top