മനസിനെ സ്പര്‍ശിക്കുന്ന പ്രമേയം; ശ്രദ്ധനേടി ‘ബൈനറി എറര്‍’

മാധ്യമപ്രവര്‍ത്തകയായ അഞ്ജന ജോര്‍ജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘ബൈനറി എറര്‍’. സണ്ണി വെയിന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ട്രാന്‍സ്മാന്‍ പൈലറ്റ് ആദം ഹാരി ഇതാദ്യമായി സിനിമാലോകത്തുമെത്തുകയാണ്. യുട്യൂബ് ചാനലായ ‘നേരമ്പോക്കില്‍’ റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും റെയിന്‍ബോ അമ്മമാരും നേരിടുന്ന വെല്ലുവിളികള്‍, ലിംഗഭേദങ്ങളെക്കുറിച്ച് അറിവില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ചിത്രം ചര്‍ച്ച ചെയ്യുന്നു.

ചേര്‍ത്തലയില്‍ താമസമാക്കിയ ചലച്ചിത്രകാരന്‍ കൂടിയായ സബ് ഇന്‍സ്പെക്ടര്‍ സണ്ണി തോമസായാണ് നടന്‍ സണ്ണി വെയിന്‍ ഈ ചിത്രത്തിലെത്തുന്നത്. ” എന്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് എന്റെ കഥാപാത്രവും. ദ്വിലിംഗ സങ്കല്‍പ്പത്തിലുള്ള സമൂഹത്തിന്റെ പ്രതിനിധിയായാണു ഞാന്‍ ചിത്രത്തില്‍. ഭിന്നലിംഗ സമൂഹത്തോട് നമ്മള്‍ ചെയ്യുന്ന അനീതികളിലേക്കും ഈ ചിത്രം നമ്മുടെ കാഴ്ചകളെ കൊണ്ടുപോകുന്നു. ഭിന്നലിംഗക്കാര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, മഴവില്‍ അമ്മമാര്‍ എന്നിവരുടെ വീക്ഷണകോണില്‍ നിന്നു ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്ന സഹാനുഭൂതി നിറഞ്ഞ ചിത്രം കൂടിയാണ് ബൈനറി എറര്‍. മനസിനെ സ്പര്‍ശിക്കുന്ന പ്രമേയമായതിനാലാണു താന്‍ ഈ സിനിമയുടെ ഭാഗമായതെന്നും” സണ്ണി വെയിന്‍ പറഞ്ഞു.

”ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എന്നോടു വിശദീകരിച്ചപ്പോള്‍ തന്നെ ഇത്തരം കൂടുതല്‍ സിനിമകള്‍ വരേണ്ടതുണ്ടെന്നെനിക്കു തോന്നി. അനിരുദ്ധ് എന്ന കഥാപാത്രത്തിന്റെ വേഷം ചെയ്യുന്നതിനൊപ്പം ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങളും ഞാനെഴുതി. ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത്തരമൊരു പതിവ് അത്യപൂര്‍വമാണ്. മഹത്തായ ഒരു ടീമിനൊപ്പം എല്ലാരീതിയിലും ഈ ചിത്രത്തിന്റെ ഭാഗമായത് ഞാന്‍ ആസ്വദിച്ചു. അതോടൊപ്പം ഇത് മറ്റുള്ളവര്‍ക്ക് അവബോധം നല്‍കുന്ന ഒന്നുകൂടിയായിരുന്നു. സമൂഹത്തിനും ഇത് അങ്ങനെ തന്നെയായിരിക്കുമെന്നു ഞാന്‍ കരുതുന്നു”- ആദം ഹാരി പറയുന്നു.

Top