അട്ടപ്പാടി മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മ‍ർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷിഫാനെയാണ് കസ്റ്റഡിയിൽ എടുത്തത്. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസിന്റെ ഡ്രൈവറാണ് ഷിഫാൻ. വള്ളിയമ്മ ഗുരുകുലം എന്ന അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ഷിഫാനെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്. ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിൽ നിന്ന് മതിയായ രേഖകൾ ഇല്ലാത്ത 36 ലക്ഷം രൂപ പൊലീസ് പിടികൂടി. സാക്ഷികളെ സ്വാധീനിക്കാൻ എത്തിച്ച പണമാണ് ഇതെന്നാണ് സംശയം.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഈ മാസം 16ലേക്ക് മാറ്റി. മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതിയുടേതാണ് നടപടി. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകൂ. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ഈ വാദം സാധൂകരിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം തുടങ്ങാനിരിക്കുകയായിരുന്നു. ദിവസം അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിൻ ഡ്രൈവർമാരായ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തി ആറാം സാക്ഷി ജയകുമാർ എന്നിവരടക്കം, ഏഴുപേരെ ഇന്ന് വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

Top