കമ്പം ടൗണിൽ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

കമ്പം : കാടിറങ്ങിയ ഒറ്റയാന്‍ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. കമ്പം ടൗണിൽ അരിക്കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ് പാൽരാജ്. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് പാൽരാജ് മരിച്ചത്. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടെ കുത്തിമറിച്ച ഓട്ടോറിക്ഷയിൽ ഇരുന്നയാളാണ് പാൽരാജ്. ഓട്ടോയുടെ ഡ്രൈവറായിരുന്നുവെന്നാണ് വിവരം.

തലയ്ക്കു പുറമേ ആന്തരികാവയവങ്ങൾക്കും പരുക്കേറ്റിരുന്നുവെന്നാണ് സൂചന. എല്ലുകൾ ഒടിഞ്ഞുപോയിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Top