മലയാളിയുടെ കൊലപാതകം; ബഹ്‌റൈനില്‍ അറബ് പൗരന്‍ അറസ്റ്റില്‍

ബഹ്‌റൈന്‍: ബഹ്‌റൈനിലെ മലയാളിയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. 42കാരനായ അറബ് പൗരനാണ് അറസ്റ്റിലായതെന്ന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി ജെ ടി അബ്ദുല്ലക്കുട്ടിയുടെ മകന്‍ അബ്ദുല്‍ നഹാസിനെയാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഹൂറയില്‍ താമസസ്ഥലത്ത് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൈകള്‍ പിറകില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറബ് പൗരന്‍ അറസ്റ്റിലായത്. കേസ് തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറും. കഴിഞ്ഞ നാലു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരുന്ന നഹാസ് ഹൂറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്‌ലിസിന് സമീപമായിരുന്നു താമസിച്ചത്. അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ചുള്ള ജോലികള്‍ ചെയ്തു വരികയായിരുന്നു നഹാസ്.

പണയം വെച്ചിരുന്ന നഹാസിന്റെ പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.യുവാവിനെ കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രസ്താവനയിലുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് നഹാസ് കൊല്ലപ്പെട്ടത്. രാത്രി പ്രാദേശിക സമയം 9 മണിയോടെ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ പുതപ്പ് കൊണ്ടു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കൂടാതെ നിലത്ത് മുളക്‌പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്ന സഹദിന്റെ താമസ രേഖകള്‍ കാലാവധി കഴിഞ്ഞിരുന്നതായാണ് വിവരം.

Top